കാന്‍സറിന് കാരണം മുന്‍കാല പാപങ്ങള്‍- അസം ആരോഗ്യ മന്ത്രി

ഗുവാഹത്തി: അര്‍ബുദം പോലെ മരണകാരണമായേക്കാവുന്ന രോഗങ്ങള്‍ക്കു കാരണം ഓരോരുത്തരുടെയും മുന്‍കാല തെറ്റുകളാണെന്ന് അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ. ഇതാണ് ദൈവീക നീതിയെന്നും (divene justice) ശര്‍മ അഭിപ്രായപ്പെട്ടു.

‘ നാം പാപികളാവുമ്പോള്‍ ദൈവം നമുക്ക് കഷ്ടപ്പാട് തരുന്നു. ചെറുപ്പക്കാര്‍ക്കും ഇത്തരം അസുഖങ്ങളും അപകടങ്ങളും വരുന്നത് കാണാം. അവരുടെ പഴയകാലം പരിശോധിച്ചാല്‍ തന്നെ നമുക്ക് മനസ്സിലാവും ദൈവിക നീതി എന്താണെന്ന്’- ശര്‍മ ചൂണ്ടിക്കാട്ടി. അത് സഹിച്ചേ തീരൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ജന്‍മത്തിലോ മുന്‍ ജന്‍മത്തിലോ നാം ചില തെറ്റുകള്‍ വരുത്തിയിരിക്കാം. അല്ലെങ്കില്‍ നമ്മുടെ പൂര്‍വികരാകും തെറ്റു ചെയ്തത്. അതിന് ചെറുപ്പക്കാരായ നാമും ചില സഹനങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ഒരാളുടെ കര്‍മഫലമാണിത്. ഇതേക്കുറിച്ച് ഭഗവത് ഗീതയിലും ബൈബിളിലും പരാമര്‍ശങ്ങളുണ്ട്. ഇതില്‍ സങ്കടപ്പെട്ടിട്ടു കാര്യമില്ല. എല്ലാവര്‍ക്കും അവരുടെ കര്‍മങ്ങള്‍ക്ക് ഈ ജന്‍മത്തില്‍ത്തന്നെ ഫലം കിട്ടും. ഈ ദൈവീക നീതി എന്നും നിലനില്‍ക്കുന്നതാണ്. ഇതില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാനാകില്ല-മന്ത്രി പറഞ്ഞു.

Share this story