ഉത്തര്‍പ്രദേശില്‍ സഹോദരിമാരെ ചുട്ടുകൊല്ലാന്‍ ശ്രമം

ലഖ്‌നൗ: ബറേലിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരിമാരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ശ്രമം. 19ും 17ും പ്രായമുള്ള പെണ്‍കുട്ടികളാണ് ആക്രമണത്തിനിരയായത്. ദിയോറാനിയയിലെ ജഹാംഗീര്‍ ഗ്രാമത്തിലാണ് സംഭവം.

വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിളെയാണ് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടികളുടെ കരച്ചില്‍ കേട്ട് അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന വീട്ടുകാര്‍ സംഭവം അറിയുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുതിര്‍ന്ന പെണ്‍കുട്ടിക്ക് 95 ശതമാനവും ഇളയകുട്ടിക്ക് 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.

കുടുംബവുമായി ആര്‍ക്കും ശത്രുതയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ കുറച്ചുമാസങ്ങളായി ചില ആണ്‍കുട്ടികള്‍ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നതായി ഇളയ പെണ്‍കുട്ടി പറഞ്ഞു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story