ഇന്ത്യൻ വ്യോമസേന വിമാനം കാണാതായ സംഭവം; ഭർത്താവ് അപകടത്തിൽപ്പെട്ടതറിയാതെ പൈലറ്റിന്റെ ഭാര്യ ഡ്യൂട്ടി തുടർന്നു

ഇന്ത്യൻ വ്യോമസേന വിമാനം കാണാതായ സംഭവം; ഭർത്താവ് അപകടത്തിൽപ്പെട്ടതറിയാതെ പൈലറ്റിന്റെ ഭാര്യ ഡ്യൂട്ടി തുടർന്നു

അസമിലെ ജോര്‍ഹടില്‍ നിന്നും ഇന്ത്യൻ വ്യോമസേന വിമാനം എഎൻ-32 പറന്നുയരുമ്പോൾ പൈലറ്റ് ആശിഷ് തൻവറിന്റെ (29) ഭാര്യ പതിവുപോലെ ഡ്യൂട്ടിയിലായിരുന്നു. ജോർഹടിലെ വ്യോമസേനയുടെ എയർ ട്രാഫിക് കൺട്രോൾ റൂമിൽ ഡ്യൂട്ടിയിലായിരുന്ന സന്ധ്യ വൈകിയാണ് ഭർത്താവ് സഞ്ചരിച്ചിരുന്ന വിമാനം കാണാതായെന്ന് അറിഞ്ഞത്.

ഉച്ചയ്ക്ക് 12.25 നാണ് വിമാനം ജോർഹടിൽനിന്നും അരുണാചൽ പ്രദേശിലെ മെചുകയിലേക്ക് പുറപ്പെട്ടത്. ”ഒരു മണിയോടെയാണ് വിമാനവുമായുളള ബന്ധം വേർപ്പെട്ടത്. ഒരു മണിക്കൂറിനുശേഷമാണ് അവൾ (സന്ധ്യ) സംഭവിച്ചതെന്തെന്ന് ഞങ്ങളെ വിളിച്ച് പറയുന്നത്,” ഫ്ലൈറ്റ് ലഫ്റ്റനന്റായ ആശിഷിന്റെ അമ്മാവൻ ഉദയ്‌വീർ സിങ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

വിമാനത്തിനായുളള തിരച്ചിൽ ഇപ്പോഴും നടക്കുകയാണ്, മണിക്കൂറുകൾ കഴിയുന്തോറും ആശിഷിന്റെ കുടുംബം നിരാശയിലാണ്. ”അടിയന്തര സാഹചര്യത്തിൽ വിമാനം ചൈനയിൽ ലാൻഡിങ് ചെയ്തിട്ടുണ്ടാകുമെന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. പക്ഷേ വിമാനത്തിൽ ഉണ്ടായിരുന്ന ആരും തന്നെ ആരുമായും ബന്ധപ്പെട്ടിട്ടില്ല. മലനിരകളിൽ വിമാനം തകർന്നു വീണിരിക്കുമോ..,” പാൽവലിലെ ആശിഷിന്റെ വീട്ടിൽ വച്ച് സംസാരിക്കവേ അമ്മാവൻ ഭയത്തോടെ പറഞ്ഞു.

”അധികാരികളിൽനിന്നും എന്തെങ്കിലും വിവരം കിട്ടുമോ എന്നറിയാനായി ആശിഷിന്റെ പിതാവ് അസമിലേക്ക് പോയിരിക്കുകയാണ്. അമ്മ വീട്ടിൽ തന്നെയാണ്. ആശിഷിന്റെ ഭാര്യ തകർന്നുപോയിരിക്കുകയാണ്. കരയാതെ അവൾക്കൊരു വാക്കുപോലും മിണ്ടാനാകുന്നില്ല,” അദ്ദേഹം പറഞ്ഞു.

ആശിഷിന്റെ പിതാവ് റാധേലാലിന്റെ 5 സഹോദരന്മാരിൽ ഒരാളാണ് സിങ്. ആറു സഹോദരങ്ങളിൽ അഞ്ചുപേരും സൈന്യത്തിലാണ്. റാധേലാൽ ഉൾപ്പെടെ മൂന്നുപേർ വിരമിച്ചു. ”കുടുംബത്തിലെ പലരും സൈന്യത്തിൽ സേവനം അനുഷ്ഠിച്ചതിൽ നിന്നുളള പ്രചോദനം ഉൾക്കൊണ്ടാണ് ചെറുപ്പത്തിൽതന്നെ ആശിഷും രാജ്യസേവനത്തിന് ആഗ്രഹിച്ചത്. ആശിഷിന്റെ മൂത്ത സഹോദരി വ്യോമസേനയിലെ സ്ക്വാഡ്രോൺ ലീഡറാണ്,” അദ്ദേഹം പറഞ്ഞു.

”ഒരിക്കൽ എന്റെ ബെൽറ്റ് കെട്ടാൻ അവൻ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു, വലുതാകുമ്പോൾ നിനക്ക് ആരാകണമെന്ന്. താൻ ഒരു സൈനികൻ ആകുമെന്ന് വളരെ പെട്ടെന്നു തന്നെ അവൻ മറുപടി നൽകി. സൈനികന്റെ മകൻ സൈനികൻ തന്നെയാകും,” പാൽവലിലെ ദിഗ്ഘോട് ഗ്രാമത്തിൽ സ്കൂൾ നടത്തിവരുന്ന റാധേലാലിന്റെ സഹോദരൻ ശിവ നരെയ്ൻ ഓർത്തെടുത്തു.

പാൽവലിൽ ആയിരുന്നില്ല ആശിഷ് വളർന്നത്. പിതാവിന്റെ ജോലി കാരണം പല സ്ഥലങ്ങളിൽ മാറി മാറി താമസിക്കേണ്ടി വന്നു. ആറു വർഷങ്ങൾക്കു മുൻപാണ് ആശിഷിന്റെ കുടുംബം ഹുടാ സെക്ടർ 2 വിൽ സ്ഥലം വാങ്ങി വീട് പണിതത്. കേന്ദ്രീയ വിദ്യാലയങ്ങളിലെ പഠനത്തിനുശേഷം അവൻ ബിടെക് പൂർത്തിയാക്കി. 2013 ഡിസംബറിൽ ഇന്ത്യൻ വ്യോമസേനയിൽ ചേരുന്നതിനു മുൻപ് രണ്ടു മൂന്നു മാസം ഗുഡ്ഗാവിലെ എംഎൻസിയിൽ ആശിഷ് ജോസി ചെയ്തിരുന്നതായും അമ്മാവൻമാർ പറഞ്ഞു.

”രാജ്യത്തെ സേവിക്കണമെന്നതിൽ അവൻ തികഞ്ഞ ബോധവാനായിരുന്നു. പക്ഷേ എന്നിട്ടും ബി ടെക് പൂർത്തിയാക്കി. ജോലി ചെയ്യാൻ തുടങ്ങി. അതവനൊരു ബാക്ക് അപ് ഓപ്ഷൻ മാത്രമായിരുന്നു. വ്യോമസേന തിരഞ്ഞെടുത്തശേഷം അവൻ പിന്നെ മറ്റൊന്നിലേക്കും തിരിഞ്ഞു നോക്കിയിട്ടില്ല,” നരെയ്ൻ പറഞ്ഞു.

2015 മേയിൽ പരിശീലനം പൂർത്തിയാക്കിയശേഷം ജോർഹടിലേക്ക് പോയി. കഴിഞ്ഞ വർഷമാണ് മഥുര സ്വദേശിയായ സന്ധ്യ അവിടെ ജോലിക്ക് ചേർന്നത്. 2018 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. മാതാപിതാക്കൾ കൂടിയാലോചിച്ചശേഷമായിരുന്നു വിവാഹം നടത്തിയെന്നും ബന്ധുക്കൾ പറഞ്ഞു.

”മേയ് 2 നാണ് ഇരുവരും അവസാനം വീട്ടിൽ എത്തിയത്. മേയ് 26 വരെ ഇരുവരും അവധിയിലായിരുന്നു. മേയ് 18 നാണ് ബാങ്കോക്കിൽ അവധിയാഘോഷിക്കാനായി പാൽവലിൽനിന്നും പോയത്. അവിടെനിന്നും നേരെ അസമിലേക്ക് പോയി. ഇതുപോലെ എന്തെങ്കിലും സംഭവിക്കുമെന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. 20 ദിവസങ്ങൾക്കുമുൻപു വരെ ഇരുവരും ഒരുമിച്ച് ഇവിടെ ഉണ്ടായിരുന്നു,” നരെയ്ൻ പറഞ്ഞു.

Share this story