ആധാര്‍ നമ്പറില്ല, ഷെഹ്‌ലാ റാഷിദിന്റെ പ്രബന്ധം തിരിച്ചയച്ചു

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ നല്‍കാത്തതിനാല്‍ ജെഎന്‍യു വിദ്യാര്‍ഥിനിയും ആക്ടിവിസ്റ്റുമായ ഷെഹ്‌ലാ റാഷിദിന്റെ പ്രബന്ധം സര്‍വ്വകലാശാല തിരിച്ചയച്ചു. ട്വിറ്ററിലൂടെയാണ് ഷെഹ്‌ലാ ഇക്കാര്യം അറിയിച്ചത്. തനിക്ക് ആധാര്‍ നമ്പറില്ലെന്നും നമ്പര്‍ രേഖപ്പെടുത്താത്തതിനാല്‍ ജെഎന്‍യു ഭരണസമിതി തന്റെ എംഫില്‍ ഡിസ്സര്‍ട്ടേഷന്‍ തിരിച്ചയച്ചെന്നുമാണ് ഷെഹ്‌ല ട്വിറ്ററില്‍ കുറിച്ചത്.

‘ആധാര്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. അതു കൊണ്ട് തന്നെ ഞാന്‍ ആധാര്‍ എടുത്തിട്ടുമില്ല. ഒരു ദിവസം സര്‍വകലാശാല കേന്ദ്രത്തില്‍ നിന്ന് എനിക്ക് വിളി വന്നു. ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രബന്ധം തിരിച്ചയയ്ക്കുകയാണെന്നായിരുന്നു അധികൃതര്‍ നല്‍കിയ മറുപടി’, ഷെഹ്‌ല കൂട്ടിച്ചേര്‍ത്തു .എന്നാല്‍ സര്‍വകലാശാല അധികൃതര്‍ വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

‘ബാങ്ക് അക്കൗണ്ട് നമ്പറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമേ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളൂ. ഡിസ്സര്‍ട്ടേഷന്‍ സമര്‍പ്പിക്കാന്‍ ആധാര്‍ ആവശ്യഘടകമാണെന്ന് സര്‍വ്വകലാശാല ചട്ടങ്ങളില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല’,സര്‍വകലാശാല പ്രൊഫസര്‍ കമല്‍ മിത്ര ഷിനോയ് പറയുന്നു.

അതേസമയം ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഏപ്രില്‍ 20ന് സര്‍വകലാശാല പുറത്തിറക്കിയെന്നാണ് അധികൃതരുടെ വിശദീകരണം. തന്റെ പ്രബന്ധം വിദ്വേഷ പ്രസംഗ ശൈലികളെ കുറിച്ചാണെന്നും ഇതാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നുമാണ് ഷഹ്ലാ റഷീദിന്റെ വാദം.

Share this story