അഭയ കേസ് ; വിചാരണ ഈ മാസം സെപ്റ്റംബര്‍ 28 ലേക്ക് മാറ്റി

തിരുവനന്തപുരം: അഭയ കേസിന്റെ വിചാരണ ഈ മാസം സെപ്റ്റംബര്‍ 28 ലേക്ക് മാറ്റി. കേസിന്റെ വിചാരണ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഇന്ന് പരിഗണിക്കാനിരുന്നതാണ് ജഡ്ജി അവധിയിലായതിനാല്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റിയത്.

വിചാരണ നടത്തുന്ന ജഡ്ജി ജോണി സെബാസ്റ്റിയന്‍ അഭയ കേസില്‍ സാക്ഷിയായതിനാല്‍ കേസിന്റെ തുടര്‍നടപടികളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും വിചാരണ തുടര്‍ നടപടികള്‍ എറണാകുളം സിബിഐ കോടതിയിലേക്കും മാറ്റണമെന്നാവശ്യപ്പെട്ട് ജഡ്ജി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കഴിഞ്ഞ മാസം കത്ത് നല്‍കിയിരുന്നു.

എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ഇത് സംബന്ധിച്ച് തീരുമാനം ഇതേവരെ സിബിഐ കോടതിയില്‍ ലഭിച്ചിട്ടില്ല.ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്ന് പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം 2009 ജൂലൈ 17 ന് കോടതിയില്‍ നല്‍കിയിരുന്നു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 25 വര്‍ഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിക്കാതെ നീണ്ടുപോകുകയാണ്.

Share this story