Times Kerala

കാണാതായ പാക് മാധ്യമപ്രവര്‍ത്തകയെ രണ്ട് വര്‍ഷത്തിനു ശേഷം കണ്ടെത്തി

 

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ പൗരന്റെ തിരോധാനം അന്വേഷിക്കുന്നതിനിടെ കാണാതായ മാധ്യമ പ്രവര്‍ത്തകയെ പാകിസ്താന്‍ സുരക്ഷാ സൈന്യം മോചിപ്പിച്ചു. ബുധനാഴ്ച്ച പാകിസ്താന്‍ -അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ നിന്നാണ് 26 കാരിയായ സീനത്ത് ഷഹ്‌സാദിയെ മോചിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2015 ലാണ് ലാഹോറില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകയായ സീനത്ത് ഷഹ്‌സാദിയെ കാണാതാകുന്നത്. ഇന്ത്യക്കാരനായ ഹമീദ് നേഹാള്‍ അന്‍സാരിയെ കാണാനില്ലെന്ന് കാണിച്ച് പാകിസ്താന്‍ സുപ്രിംകോടതിയില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ഇവരെ കാണാതായത്. അന്‍സാരിയുടെ മാതാവ് ഫൗസിയ അന്‍സാരിക്കുവേണ്ടി മനുഷ്യാവകാശ കമ്മിഷനും ഇവര്‍ പരാതി നല്‍കിയിരുന്നു.

2015 ല്‍ മക്കയില്‍ വെച്ചാണ് സീനത്തും അന്‍സാരിയുടെ മാതാവും തമ്മില്‍ ആദ്യമായി കാണുന്നത്. പിന്നീട് തന്റെ മകനെ കണ്ടെത്താന്‍ സഹായിക്കാമെന്ന് സീനത്ത് ഉറപ്പു നല്‍കിയെന്നും അവര്‍ പറഞ്ഞു.

2012ലാണ് ജോലി അന്വേഷിച്ച് അഫ്ഗാനിലേക്ക് പോയ അന്‍സാരിയെ കാണാതായത്. പാകിസ്താനിലെ കോഹാട് സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഹമീദ് പ്രണയത്തിലായെന്നും മറ്റൊരാളുമായുള്ള ആ പെണ്‍കുട്ടിയുടെ വിവാഹം തടയാന്‍ പാകിസ്താനിലേക്ക് പോയെന്നും ഫൗസിയ അറിഞ്ഞു. ഇക്കാര്യങ്ങള്‍ അവര്‍ സീനത്തിനെ അറിയിക്കുകയും ചെയ്തു.

സീനത്തിന്റെ അന്വേഷണങ്ങള്‍ വെറുതെയായില്ല. കോഹട്ടില്‍ എത്തിയ സീനത്ത് പൊലിസിന്റെ കസ്റ്റഡിയില്‍ ഹമീദിനെ കണ്ടെത്തി. തുടര്‍ന്നാണ് സീനത്ത് മനുഷ്യാവകാശ സെല്ലിന് പരാതി നല്‍കിയത്.

2012 ല്‍ ഹമീദിനെ അറസ്റ്റ് ചെയ്തായും പിന്നീട് ഇന്റലിജന്‍സ് അധികൃതര്‍ക്ക് കൈമാറിയതായും 2016 ല്‍ പാകിസ്താന്‍ പൊലിസ് പെഷവാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. അന്‍സാരിയെ ശിക്ഷാകാലവധി കഴിഞ്ഞാല്‍ വിട്ടയക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സീനത്തിന്റെ രക്ഷപ്പെടുത്തിയ കാര്യം അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അന്‍സാരിയുടെ മാതാവ് പറഞ്ഞു.

 

Related Topics

Share this story