Times Kerala

”ചിലർ ശരിക്കും പണികിട്ടിയ ശേഷമേ പഠിക്കൂ” എനിക്ക് അബദ്ധങ്ങള്‍ പറ്റിയത് സിനിമയ്ക്ക് പുറത്ത്; തുറന്നു പറഞ്ഞ് നടി മൈഥിലി

 

 

പാലേരി മാണിക്യത്തിനു ശേഷം കഥാപാത്രങ്ങളിൽ സെലക്ടീവാകാൻ കഴിയാഞ്ഞത് തന്‍റെ കരിയറിൽ നെഗറ്റീവ് പ്രതിഫലനമാണുണ്ടാക്കിയതെന്ന് നടി മൈഥിലി.സിനിമയിൽ നിന്നു തനിക്ക് ചൂഷണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ പുരുഷന്മാരും മോശക്കാരല്ലെന്നും വ്യക്തമാക്കിയ മൈഥിലി തനിക്ക് അബദ്ധങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണെന്നും അത് തന്റെ തെറ്റുകൊണ്ട് പറ്റിയതാണെന്നും പറയുന്നു.

ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും എല്ലാ പെൺകുട്ടികൾക്കും സംഭവിക്കാൻ സാധ്യതയുള്ളതാണെന്നും ചിലർ നമ്മളെ മനഃപൂർവം കുടുക്കി കളയുമെന്നും നടി പറയുന്നു. നമ്മുടെ നിയമങ്ങൾക്കു പോലും പരിമിതികളുണ്ട്. പല പെൺകുട്ടികളും ഇത്തരം സാഹചര്യങ്ങളിൽ ആത്മഹത്യ ചെയ്തുപോകും. ചിലർക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ആളുണ്ടാവും. ചിലർ അനുഭവിച്ചേ പഠിക്കൂ. ശരിക്കും പണികിട്ടിക്കഴിഞ്ഞേ പഠിക്കൂ. ഞാനങ്ങനെയാണ്; മൈഥിലി ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിമൻ ഇൻ സിനിമ കളക്ടീവ് പോലുള്ള സ്ത്രീ സംഘടനകളും പരിപാടികളുമെല്ലാം നല്ലതാണ്. പക്ഷേ സോഷ്യൽ മീഡിയയിൽ മാത്രമൊതുങ്ങരുത്. അതിനു പുറത്തുള്ള ജീവിതത്തിലേയ്ക്കു കൂടി അത് പടർത്തണം. എങ്കിൽ സ്ത്രീകൾക്ക് അത് ഗുണം ചെയ്യും. പിന്നെ, ഫെമിനിസം എന്താണ് തനിക്കിതുവരെ മനസിലായിട്ടില്ലെന്നും നടി പറഞ്ഞു.

ഒരു ബന്ധവുമില്ലാത്ത സംഭവങ്ങളിലും വിവാദങ്ങളിലും തന്റെ പേര് വലിച്ചിഴയ്ക്കുകയാണ് മാധ്യമങ്ങൾ. അടുത്തകാലത്ത് ഉണ്ടായ പല വിവാദങ്ങളിലും തന്റെ പേര് പ്രചരിപ്പിച്ചു. മാധ്യമങ്ങളാണ് പലപ്പോഴും വലിയ കുഴപ്പങ്ങളുണ്ടാക്കുന്നത്. ഞങ്ങൾ മീഡിയ ആണ്, ഞങ്ങൾക്ക് എന്തും പറയാം എന്നൊരു ധാർഷ്ഠ്യമാണ്. പേനവച്ച് കീറിമുറിക്കുകയാണ്. അത് പീഡനം തന്നെയാണ്; മൈഥിലി പറയുന്നു.

വ്യക്തിപരമായി തനിക്കിതൊന്നും പ്രശ്‌നമുണ്ടാക്കുന്നില്ലെങ്കിലും കുടുംബത്തിനും തന്നെ സ്‌നേഹിക്കുന്നവർക്കും മാനസിക പ്രശ്‌നമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. ഇത്തരമൊരു സാഹചര്യത്തിലാണ് ഒന്നും വേണ്ട എന്ന തോന്നലോടെ എല്ലാത്തിൽ നിന്നും വിട്ടുനിൽക്കാൻ തോന്നിയത്. എന്തിനാണ് ഇങ്ങനെ പെറുമാറുന്നതെന്നും മൈഥിലി ചോദിക്കുന്നു.

Related Topics

Share this story