കാട്ടാക്കടയിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിനു നേരെ ബോംബേറ്
കാട്ടാക്കട: തിരുവനന്തപുരത്ത് അർധരാത്രിയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്. ഐ.സാജുവിന്റെ കിള്ളിയിലുള്ള വീടിനു നേരെയാണ് രാത്രി 11 ഓടെ ആക്രമണം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് സാജു പറയുന്നു.
ആക്രമണത്തിൽ വീടിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്നു. കിടപ്പുമുറിക്കു നേരെയായിരുന്നു ആക്രമണം. കിള്ളിയിൽ സ്ഥാപിച്ചിരുന്ന സിപിഎമ്മിന്റെ ഫ്ലക്സ് ബോർഡുകൾ വെള്ളിയാഴ്ച രാത്രി ഒരു സംഘം തകർത്തിരുന്നു. ഇതിനു പിന്നാലെയാണു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ ആക്രമണം നടന്നത്.
ആക്രമണത്തിനു പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്നു സിപിഎം ആരോപിച്ചു.