Times Kerala

ഇന്നു മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കുക; മുന്നൊരുക്ക നിർദേശവുമായി റെഡ് അലർട്ട്

 
ഇന്നു മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കുക; മുന്നൊരുക്ക നിർദേശവുമായി റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഏഴു മുതല്‍ നാലു ദിവസം ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ള നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 10, 11 ദിവസങ്ങളില്‍ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ലക്ഷദ്വീപ് ഭാഗത്തു രൂപം കൊള്ളാനിടയുള്ള അന്തരീക്ഷച്ചുഴി കാലവർഷക്കാറ്റിനെ കേരളത്തോട് അടുപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.

ജൂണ്‍ ഒന്‍പത്, പത്ത് ദിവസങ്ങളില്‍ സംസ്ഥാനത്തിന് പുറമെ ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്. ജൂണ്‍ ഏഴ്, എട്ട് ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ഏഴ്, ഒമ്പത്, 10 ദിവസങ്ങളില്‍ കോട്ടയത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ജൂണ്‍ ഒന്‍പതിനും 10 നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ ഒന്‍പതിന് തൃശൂര്‍ ജില്ലയില്‍ മാത്രവും 10 ന് മലപ്പുറം കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്.

ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നൽകിയിട്ടുണ്ട്. കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലർട്ടുകളിൽ മാറ്റം വരാനുള്ള സാധ്യതയുണ്ട്.

Related Topics

Share this story