തിരുവനന്തപുരത്തെ സ്വീവേജ് പദ്ധതികൾ അവതാളത്തിലാകും
Nov 18, 2023, 13:39 IST

തിരുവനന്തപുരം: ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടി 129 ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റി. ഇതോടെ, സ്വീവേജ് പദ്ധതികളുടെ നിരീക്ഷണം, ആസൂത്രണം, രൂപകൽപന തയ്യാറാക്കൽ എന്നിവയുടെ ചുമതലയുള്ള വാസ്‌കോണിന് കീഴിലെ പദ്ധതികൾ പ്രതിസന്ധിയിലായി. ചീഫ് എൻജിനിയറും സൂപ്രണ്ടിംഗ് എൻജിനിയറുമടക്കമുള്ള ഉദ്യോഗസ്ഥരെയാണ് പ്രോജക്ട് മെയിന്റനൻസ് ഡിവിഷനുകളലേക്ക് മാറ്റിയത്. ഉദ്യോഗസ്ഥരില്ലാതെ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന സ്വച്ച് ഭാരത് മിഷൻ 2 പദ്ധതിയും അവതാളത്തിലായി. 1039 കോടി ചെലവിടുന്ന പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുല്യമായാണ് വിഹിതം വഹിക്കുന്നത്. മിഷന് കീഴിലെ 16 പ്രോജക്ടുകളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചിരുന്നു. ഈ ജോലികൾ ചെയ്യാൻപുനർവിന്യസിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് 58 പേരെ അടിയന്തരമായി തിരിച്ചുനൽകണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് എൻജിനിയറുടെ ഓഫീസ്, വാട്ടർ അതോറിട്ടി ജോയിന്റ് എം.ഡിക്ക് കത്ത് നൽകി. എന്നാൽ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറടക്കം നാല് ഉദ്യോഗസ്ഥരെ മാത്രമാണ് വിട്ടുനൽകിയത്. അമൃത് പദ്ധതിയിലെ 797 കോടിയുടെ പദ്ധതികൾക്കും ഡി.പി.ആർ തയ്യാറാക്കാനാകാത്ത സ്ഥിതിയാണ്.