Times Kerala

പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിൽ പരിഹാസവും പുച്ഛവും: എം ബി രാജേഷ്, ആ ചാപ്പ തൻ്റെ മേൽ കുത്തേണ്ടെന്ന് വി ഡി സതീശൻ 

 
രാജേഷ് - സതീശൻ
തിരുവനന്തപുരം: നിയമസഭയിൽ വാക്‌പോര്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മന്ത്രിമാരായ എം ബി രാജേഷും ആര്‍.ബിന്ദുവും തമ്മിലായിരുന്നു വാക്പോരുണ്ടായത്. പലപ്പോഴും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് സഭയിൽ പറയുന്നതെന്ന് കുറ്റപ്പെടുത്തിയ എം ബി രാജേഷ്, അത് തിരുത്താൻ ശ്രമിച്ചാലും അദ്ദേഹം വഴങ്ങാറില്ലെന്ന് കൂട്ടിച്ചേർത്തു. അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ പരിഹാസവും പുച്ഛവുമാണ് ഉള്ളതെന്ന് പറഞ്ഞ രാജേഷ്, പ്രതിപക്ഷ നേതാവ് അത് തിരുത്തണമെന്നും പറയുകയുണ്ടായി. മന്ത്രി ആർ ബിന്ദുവും വിഷയത്തിൽ പ്രതികരണവുമായെത്തി. പ്രതിപക്ഷ നേതാവ് തനിക്കെതിരെ വിരൽ ചൂണ്ടി ധിക്കാരത്തോടെ പ്രസംഗിച്ചതിൽ അവർ എതിർപ്പറിയിച്ചു. താൻ പ്രതീക്ഷിക്കുന്നത് ആരോഗ്യകരമായ ചർച്ചയും സമീപനവുമാണ് എന്ന് പറഞ്ഞ സ്പീക്കർ അത് പലപ്പോഴും ഉണ്ടാകാറില്ലെന്നും വ്യക്തമാക്കി. അതേസമയം, രണ്ടു മന്ത്രിമാർക്കെതിരെ എന്തെങ്കിലും മോശമായി പറഞ്ഞതായി ചൂണ്ടിക്കാണിക്കുന്ന പക്ഷം അത് തിരുത്താൻ താൻ തയ്യാറാണെന്ന് വി ഡി സതീശൻ മറുപടി നൽകി. ധിക്കാരവും ധാർഷ്ട്യവും പുച്ഛവുമൊക്കെ ആർക്കാണെന്ന് എല്ലാവർക്കുമറിയാമെന്ന് പറഞ്ഞ സതീശൻ, ആ ചാപ്പ തൻ്റെ മേൽ കുത്തേണ്ട എന്നും കൂട്ടിച്ചേർത്തു. 

Related Topics

Share this story