പച്ചക്കറി കൃഷിക്കിടയില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ 68കാരന്‍ പിടിയില്‍
Nov 18, 2023, 11:53 IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി നട്ടുവളത്തിയ 68കാരന്‍ എക്‌സൈസിന്റെ പിടിയിലായി. പള്ളിച്ചല്‍ സ്വദേശി ശിവന്‍കുട്ടിയെയാണ് അറസ്റ്റ് ചെയ്തത്. പച്ചക്കറി കൃഷിക്കിടയിലാണ് ശിവന്‍കുട്ടി രഹസ്യമായി കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയത്. 80 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിക്ക് നാലുമാസത്തോളം പ്രായമുണ്ടായിരുന്നെന്നും എക്‌സൈസ് വ്യക്തമാക്കി.

തിരുവനന്തപുരം ഐ.ബിയിലെ പ്രിവന്റിവ് ഓഫീസര്‍ ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എപി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽനിന്ന് കഞ്ചാവ് ചെടി പിടികൂടിയത്.