Times Kerala

ഡിജിറ്റല്‍ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത് ദരിദ്രരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍: വിദഗ്ധര്‍

 
ഡിജിറ്റല്‍ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത് ദരിദ്രരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍: വിദഗ്ധര്‍

തിരുവനന്തപുരം: പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും പുറമേ ദരിദ്രരുടേയും നിരാലംബരുടേയും ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മാധ്യമമായി ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണമെന്ന് വിദഗ്ധര്‍. കേരള ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍, ടെക്നോളജിയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി മംഗലപുരം ടെക്നോസിറ്റി കാമ്പസില്‍ സംഘടിപ്പിച്ച ദ്വിദിന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘ഡി എക്സ് 21: ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സമ്മിറ്റി’ല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഓണ്‍ലൈനായാണ് സെഷനുകളില്‍ പങ്കെടുക്കുന്നത്.

ദരിദ്രരെയും നിരാലംബരായവരെയും സഹായിക്കാന്‍ സാങ്കേതികവിദ്യകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെപ്പറ്റി ചിന്തിക്കണമെന്നും ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ജല മാനേജ്മെന്‍റ് എന്നിവയില്‍ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തില്‍ ഇതിനുള്ള നല്ല സാഹചര്യമുണ്ടെന്നും ഐ.ഐ.ഐ.ടി.എം.കെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. മാധവന്‍ നമ്പ്യാര്‍ ഐ.എ.എസ് (റിട്ട.) ഉച്ചകോടി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ചെറുകിട സംരംഭങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ശക്തമായ സംവിധാനമാണ് കേരളത്തിലുള്ളത്. ഇതെല്ലാം ഉല്‍പാദനക്ഷമതയെയും ഉപഭോക്താക്കളെയും ഉല്‍പ്പന്നത്തെയും വിലയെയും മെച്ചപ്പെടുത്തുന്നതിനും ദരിദ്രര്‍ക്ക് പ്രയോജനം ചെയ്യുന്നതിനും സഹായിക്കും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് ഈ മേഖലയില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന വലിയ ചുമതലയാണ് മുന്നിലുള്ളതെന്നും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്കും അതിന്‍റെ പങ്കാളികള്‍ക്കുമൊപ്പം കെ-ഡിസ്കിനും ഇക്കാര്യത്തില്‍ വലിയ പങ്കു വഹിക്കാനുണ്ടെന്ന് കേരള ഡവലപ്മെന്‍റ് ആന്‍റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) ചെയര്‍മാന്‍ ഡോ. കെ.എം.എബ്രഹാം മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റല്‍ നവീകരണത്തിന്‍റെയും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്‍റെയും പുതിയ മാതൃകകള്‍ പരീക്ഷിക്കാന്‍ ഉച്ചകോടി കേരളത്തെ സഹായിക്കുമെന്ന് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

ഐഐഐടിഎം-കെ ഡയറക്ടര്‍ ഡോ.എലിസബത്ത് ഷെര്‍ലി, ജിടെക് ചെയര്‍മാന്‍ ശ്രീ. സുനില്‍ ജോസ്, ജിടെക് സെക്രട്ടറി ശ്രീ. ബിനു ജേക്കബ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.

‘ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഡേ’ എന്നു പേരിട്ടിരിക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിവസത്തില്‍ അന്താരാഷ്ട്ര സെലിബ്രിറ്റി ടെക്നോളജിസ്റ്റ് ശ്രീ. ഡോണ്‍ ടാപ്സ്കോട്ട് മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഐ.ബി.എം റിസര്‍ച്ച് ഫെലോയും സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി പ്രൊഫസറുമായ പ്രൊഫ.സി.മോഹന്‍, യുസിഎല്ലിലെ സോഷ്യല്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ലീഡറും ഇന്‍ഡസ്ട്രി അസോസിയേറ്റുമായ ഡോ.ജെയ്ന്‍ തോമാസണ്‍, ഡിസിബി ബാങ്ക് ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഹെഡ് ശ്രീ.പ്രസന്ന ലോഹര്‍ എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാനത്തെ പ്രമുഖ ഐടി കമ്പനികള്‍ വിവിധ മേഖലകളിലെ 14 നൂതന സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിച്ചു.

‘ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഡേ’ എന്ന തലക്കെട്ടില്‍ നടക്കുന്ന രണ്ടാം ദിവസത്തെ സെഷനില്‍ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ഡിഇസി-ബിറ്റ് സ്കീമിന്‍റെ കോ-ഇന്‍വെന്‍ററുമായ ഡോ.രാജ് ജെയിന്‍ മുഖ്യപ്രഭാഷണം നടത്തും.

മറ്റു സെഷനുകള്‍ക്ക് യുഎസ്എയിലെ എംഐആര്‍ ലാബിലെ ഡോ.അജിത്ത് അബ്രഹാം, ന്യൂഡല്‍ഹി ഐഐഐടിയിലെ ഡോ. മുകേഷ് മോഹാനിയ, ജര്‍മ്മനിയിലെ സീഗന്‍ സര്‍വകലാശാലയിലെ ഡോ.ഭാസ്കര്‍ ചൗബി, സിറ്റി മാണ്ടി സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ഡോ.ശ്രീനിവാസ് പത്മനാഭുനി, ഓസ്ട്രിയയിലെ ദി ടിയു വീന്‍ പ്രൊഫസറും ഐഇഇഇ ഫെലോയുമായ ഡോ.ഷഹ്റാം ദസ്താര്‍, ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി)യിലെ ശ്രീ. വിനീത് എന്‍. ബാലസുബ്രഹ്മണ്യന്‍, ഇറ്റലിയിലെ മിലാന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ.ഡോ.വിന്‍സെന്‍സോ പ്യൂരി, കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടി(ഐഎസ്ഐ)ലെ ഡോ.സ്വഗതം ദാസ്, ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ് ഓഫന്‍ബര്‍ഗിലെ ഡോ.അക്സല്‍ സികോറാ, ഐബിഎം റിസര്‍ച്ച്-ഇന്ത്യയിലെ ഡോ.സൗഗതാ മുഖര്‍ജി എന്നിവര്‍ നേതൃത്വം നല്‍കും.

ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കാനുള്ള സീറ്റുകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: dx21@iiitmkac.in or visit: duk.ac.in/dx21.

കേരള ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്), ജിടെക്, ഐഇഇഇ കമ്മ്യൂണിക്കേഷന്‍സ് സൊസൈറ്റി (കോംസോക്) കേരള ചാപ്റ്റര്‍, അസോസിയേഷന്‍ ഫോര്‍ കമ്പ്യൂട്ടിംഗ് മെഷിനറി (എസിഎം) തിരുവനന്തപുരം ചാപ്റ്റര്‍ എന്നിവയുമായി സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

Related Topics

Share this story