അടുത്ത വര്‍ഷം ഏഷ്യയില്‍ നിശ്ചയമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കൊച്ചി ഒന്നാമത്
Nov 17, 2023, 22:43 IST

കൊച്ചി: അടുത്ത വര്‍ഷം ഏഷ്യയില്‍ നിശ്ചയമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കൊച്ചിയെ ഒന്നാമതായി ഉള്‍പ്പെടുത്തി ലോകപ്രശസ്ത ട്രാവല്‍ വെബ്സൈറ്റായ കൊണ്ടെ നാസ്റ്റ്. കൊച്ചിയുടെ സുസ്ഥിര വികസന നടപടികള്‍, ത്രസിപ്പിക്കുന്ന ജലഗതാഗതം, ഉത്സവങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണമായി ഇതില്‍ എടുത്തു പറയുന്നത്. നൂറ്റാണ്ടുകളായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ് കൊച്ചിയിലെ ജലഗതാഗതമെന്ന് വെബ്സൈറ്റ് ചൂണ്ടിക്കാട്ടി. 14-ാം നൂറ്റാണ്ട് മുതലുള്ള അറബ്, ചൈനീസ്, യൂറോപ്യന്‍ സഞ്ചാരികള്‍ ജലഗതാഗതത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന 78 കി.മി ദൈര്‍ഘ്യമുള്ള വാട്ടര്‍മെട്രോ വിപ്ലവകരമായ മാറ്റമാണുണ്ടാക്കാന്‍ പോകുന്നത്. 2024 ല്‍ ഇത് പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുമെന്നതും പ്രതീക്ഷയുണര്‍ത്തുന്നു. ഇതു കൂടാതെ പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം കൊച്ചിയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലും ഇവിടെത്തന്നെയാണെന്ന് ലേഖനത്തില്‍ പറയുന്നു.