ഹൈദരാബാദിൽ നിർമ്മാണത്തിലിരുന്ന സ്റ്റേഡിയം തകർന്ന് വീണ് രണ്ടുപേർ മരിച്ചു
Nov 21, 2023, 11:55 IST

ഹൈദരാബാദ്: ഹൈദരാബാദിൽ നിർമ്മാണത്തിലിരുന്ന സ്റ്റേഡിയം തകർന്ന് വീണ് രണ്ടുപേർ മരിച്ചു. രംഗറെഡിയിലാണ് സംഭവം. അപകടത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഒരാളുടെ മൃതദേഹം മാത്രമാണ് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇതുവരെ പുറത്തെടുക്കാനായത്. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. അപകടത്തിൽ പരിക്ക് പറ്റിയവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം പണി ആരംഭിച്ചപ്പോഴാണ് അപകടമുണ്ടായത്. പണി നടക്കുന്നതിനിടെ സ്റ്റേഡിയത്തിലെ കെട്ടിടത്തിന് കുലുക്കം സംഭവിക്കുകയും തകർന്ന് വീഴുകയുമായിരുന്നെന്ന് അധികൃതർ അറിയിച്ചു.