മൊഫിയയുടെ ആത്മഹത്യ; അന്വേഷണം ജില്ലാ ക്രൈെം ബ്രാഞ്ചിന്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

 മൊഫിയയുടെ ആത്മഹത്യ; അന്വേഷണം ജില്ലാ ക്രൈെം ബ്രാഞ്ചിന്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങും 
 

കൊച്ചി: ഭർതൃപീഡനത്തെ തുടർന്ന് നിയമവിദ്യാര്‍ഥിനിയായിരുന്ന മൊഫിയ പര്‍വീണ്‍ എന്ന 21 കാരി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. എറണാകുളം റൂറല്‍ ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവനാണ് അന്വേഷണ ചുമതല.  നേരത്തെ ആലുവ ഡിവൈഎസ്പി ശിവന്‍കുട്ടിക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല. അതേസമയം, കേസിൽ പോലീസ് അറസ്റ്റ് ചെയ്ത മൊഫിയയുടെ ഭർത്താവ് സുഹൈൽ ഇയാളുടെ മാതാവ് പിതാവ് തുടങ്ങിയവരെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന്  ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ട സാഹചര്യത്തിലാണ് ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള പോലീസില്‍ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. 

തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന മൊഫിയ (21) തിങ്കളാഴ്ച വൈകീട്ടാണ് സ്വന്തം വീട്ടില്‍ ആത്മഹത്യചെയ്തത്. ഏഴ് മാസം മുന്‍പാണ് മുഹമ്മദ് സുഹൈലുമായി മൊഫിയയുടെ വിവാഹം കഴിഞ്ഞത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവാഹം നടത്തുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി മൊഫിയ പരാതി നല്‍കിയിരുന്നു.

Share this story