Times Kerala

 ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

 
 ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
 തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍  വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.  നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലേറേ ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങള്‍ ബിച്ചു തിരുമലയുടെ തൂലികയില്‍ പിറന്നു വീണിട്ടുണ്ട്. 1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്‌ക്കരന്‍നായരുടെയും മൂത്തമകനായാണ് ബി. ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമലയുടെ ജനനം.  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിഎ ബിരുദം നേടിയ ബിച്ചു തിരുമല 1970-ല്‍ എം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത 'ശബരിമല ശ്രീ ധര്‍മ്മശാസ്താ' എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. പിന്നീടാണ് ഗാനരചനയിലേക്ക് കടക്കുന്നത്. 

Related Topics

Share this story