സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലയിൽ ഓറഞ്ച് അലർട്ട്
Nov 21, 2023, 17:39 IST

സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്ച ഇടുക്കിയിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. ബുധനാഴ്ച പത്തനംതിട്ട, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപരം, എറണാകുളം, വെള്ളിയാഴ്ച എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കന്യാകുമാരി മേഖലക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.