ഏഴാം ദിനവും പുറത്തെത്താനാകാതെ 40 തൊഴിലാളികൾ; രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിൽ

ഉത്തരകാശി: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനം മുടങ്ങി. പ്രദേശത്തെ ഡ്രില്ലിങ് പ്രവർത്തനം നിലവിൽ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഹൈപവര്‍ ഓഗര്‍ ഡ്രില്ലിങ് യന്ത്രം സ്തംഭിച്ചതാണ് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത്. അതേസമയം, പുതിയ യന്ത്രം ഇന്ദോറിൽ നിന്നും എത്തിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്കുള്ളില്‍ 24 മീറ്റര്‍ തുരന്നതിനുശേഷമാണ് യന്ത്രത്തിന് കേടുപാടുകള്‍ കാരണം പ്രവര്‍ത്തനം നിലച്ചത്. വ്യാഴാഴ്ച രാവിലെ വലിയ പാറക്കല്ലിലിടിച്ച് യന്ത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് യന്ത്രം നന്നാക്കിയിരുന്നു. പിന്നാലെയാണ് വീണ്ടും യന്ത്രം തകരാറിലായത്.
തൊഴിലാളികൾ 150 മണിക്കൂറിനടുത്ത് തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ട്യൂബുകള്‍ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നത് തുടരുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.