

അവൻ്റെ ചുറ്റി വരിഞ്ഞ കൈകൾ, ഉപ്പുരസം കലർന്ന മാംസത്തിനും വിയർപ്പിനും മുകളിൽ നിന്നും മാറ്റി ഷവറിനു കീഴെ നനഞ്ഞു കുളിരു കോരുകയാണോ അതോ കുറച്ച് മുൻപു നടന്ന മൽപിടിത്തത്തിലെ മുറിവേറ്റ മാറിടത്തിലേയും ദേഹത്തിലേയും നഖ പോറലുകളേക്കാൾ വേദന മനസ്സിൽ കുന്നു കൂടുകയാണോ? കണ്ണിൽ നിന്നും ധാര ധാരയായൊകുന്ന വെള്ളവും ഷവറിലെ വെള്ളവും ഏതെന്നു തിരിച്ചറിയാത്തപ്പോലവൾ കണ്ണുകൾ ഇറുക്കിയടച്ചു.
പട്ടു പാവാട തുമ്പ് റെയിൽ പാളത്തിലെ കല്ലുകളിൽ ഉരയാതെ നടക്കുന്ന പ്ലസ് വൺ കാരി, റോഡിനെ ലക്ഷ്യമാക്കി നടക്കുന്ന വൃന്ദയെ കാത്തു നിൽപിൻ്റെ മുഷിപ്പ് മറന്ന് ശിൽപ നോക്കി നിന്നു. ഇളം മെറൂണിൽ പച്ച ബോർഡർ ഉള്ള പട്ടുപാവാട. കൺ പീലികൾ താഴെയും മുകളിലും വരച്ചു കറുപ്പിച്ചതിനാൽ ഇളം ബ്രൗൺ പൂച്ച കണ്ണുകളുടെ ഭംഗി പിന്നെയും കൂടിയതുപോലെ... നെറ്റിയിൽ ചുവന്ന ചെറുവട്ട പൊട്ടിനു മുകളിലായി കളഭം തൊട്ട് മുളിൽ കുങ്കുമ വർണ്ണം ഇർക്കിലു കൊണ്ടു ഭംഗിയായി വരച്ചു വച്ചിട്ടുണ്ട്.
"ഡീ പൊട്ടി എന്നെ തന്നെ നോക്കി നിൽക്കാതെ നീ നടക്കെടി കഴുതേ " വളിച്ച ചിരിയുമായി നടന്നു നീങ്ങുന്നതിനിടയിൽ ശിൽപ ചോദിച്ചു.
"കണ്ണെഴുതാറില്ല, പൊട്ടു തൊടാറില്ല, വളയിടാറില്ല, കുളിച്ച പടി തല ചെണ്ടെടുത്തു കെട്ടുന്ന നിനക്കിതെന്തുപറ്റി?"
മൗനമായി ചിരിച്ചു നടക്കുന്ന വൃന്ദയുടെ കണ്ണുകൾ, മുന്നിലൂടെ വരുന്ന തന്നെക്കാൾ ഉയരമുള്ള കൈകൾ വീശി തന്നെ തന്നെ നോക്കി വരുന്ന ചെറുപ്പാക്കാരൻ്റെ കണ്ണുകളിൽ ഉടഞ്ഞപ്പോൾ എന്തോ ഉടലിലൂടെ പാഞ്ഞപോൽ ശിൽപയുടെ കയ്യിലുള്ള പിടിത്തം അമർന്നു പോയി.
"ആഹ്" എന്ന് ഉച്ചത്തിൽ പറഞ്ഞ ശിൽപ നല്ലൊരു ചവിട്ടു വാങ്ങി പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും കണ്ടു ഒരു കള്ളനോട്ടവും കണ്ണിറുക്കലും.
"ഊഫ്! എണേ വെറുതേല്ല നീയിന്നൊരു പെണ്ണിൻ്റെ കോലത്തില്... "
"പിന്നല്ല രണ്ട് മൂന്ന് ദിവസം ആയി ഓനെന്നെ നോക്കാന് ഞാമ്പെടുന്ന പാട്... ഓൻ്റെ മസ്സിലു പിടിത്തം പൊട്ട്യത് നീ കണ്ട?"
" കണ്ട് കണ്ടേ... മസ്സിലു പിടുത്തം മാത്രല്ല; പെൺ കോലോം ഇന്ന് കണ്ട്..."
പെട്ടന്ന് പിന്നിൽ നിന്നും കേട്ട ശബ്ദം നല്ല പരിചയം "എൻ്റെ മുത്തപ്പ" അനിയേട്ടൻ വകേലെ ബന്ധു. പെട്ടാന്നാണ് അവളുടെ നാണം ഭയമായി മാറിയത്.
"വൃന്ദു ഞാൻ ബൈന്നേരം ബീട്ടില് ബെരുന്ന്ണ്ട് നീ ഇപ്പോ ഇസ്കൂളില് പോ"കനപ്പെട്ടിരുന്നു ആ ശബ്ദം.
വൈന്നേരം വരെ ക്ലാസ്സിലിരിക്കാൻ വൃന്ദയ്ക്ക് കഴിഞ്ഞില്ല. രാജേഷ് മാഷെ കെമിസ്ട്രി ക്ലാസ്സു പോലെ ഒരു കെമിസ്ട്രിയുമില്ലല്ലോ രണ്ട് ദിവസം മസ്സിൽമാൻ്റെ കൂടെ തന്നെ കണ്ട അനിയേട്ടൻ്റെ വാക്കുകൾ എന്നവൾ ആത്മഗതം പറഞ്ഞു.
വൈകുന്നേരം വീട്ടിലേക്ക് വന്ന അനിയേട്ടൻ അച്ഛനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. കണക്ക് പുസ്തകത്തിലെ മട്രിക്സ് കണ്ട് നേർവരക്കുള്ളിൽ എത്ര ചെയ്യാൻ നോക്കിയിട്ടും നേർവരയാകാതെ വളയുന്നുണ്ടായിരുന്നു, കൈയ്യും അതുപോലെ തലയും അച്ഛൻ്റെ ഭാഗത്തേക്ക്. തൻ്റെ അടുത്തേക്ക് അച്ഛനും അനിയേട്ടനും ഇടക്കിടെ നോക്കുന്നുണ്ടായിരുന്നു. അച്ഛനുമായുള്ള വർത്താനം നിർത്തി അനിയേട്ടൻ വന്നു.
"എണേ നിൻ്റെ ബീട്ടില് ബന്നാല് ഒന്ന് ചിരിക്കെങ്കെലും ചെയ്തൂടെ?" എന്ന് പറഞ്ഞ് ബുക്ക് മറിച്ചും തിരിച്ചും നോക്കി വളഞ്ഞ വര കണ്ട് പഴയ പ്രീഡിഗ്രിക്കാരൻ ചിരിയടക്കാൻ കഷ്ടപ്പെടുന്നുണ്ടായിരുന്നു.
"രാഘ്വേട്ട ഞാമ്പോന് ഈ ബയി ബന്നപ്പോ ഈട കേറിന്നേള്ളൂ..."
ദീർഘശ്വാസം വലിച്ച് മടക്കിയ പുസ്തകമെടുത്ത് വളഞ്ഞ വര നേരെയാക്കാൻ തുടങ്ങിയപ്പോൾ കണ്ടു ഒരു പേപ്പർ മടക്ക്. ഒറ്റ ശ്വാസത്തിൽ ഒറ്റ വരി മാത്രമുള്ളയത് വായിച്ചു.
"ഇഷ്ടം ഒരുപാടിഷ്ടം ഇന്ന് പട്ടുപാവാടയിൽ സുന്ദരിയായിനിട്ടാ..."
സ്നേഹത്തോടെ മസ്സിൽ പിടുത്തം വിട്ട് മഹേഷ്. ഓടി പുറത്തേക്ക് നോക്കിയപ്പോൾ കണ്ടു അമ്മയോട് യാത്ര പറഞ്ഞിറങ്ങുന്നതിനിടയിൽ തന്നോട് കണ്ണിറുക്കുന്ന അനിയേട്ടനെ!
"എൻ്റെ പൊന്നു മുത്തപ്പ എന്ത്ന്ന് ത്?"
ഓടി ബുക്കിനുള്ളിലെ മടക്കു പേപ്പർ ഒന്നൂടി നോക്കി.
ഞായാറും കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോകും വഴി കാര്യങ്ങൾ സന്തോഷത്തോടെ പറയുമ്പോൾ കയ്യിലെ പിടിമുറകുന്നതും മുന്നിൽ വരുന്ന ആളെ കണ്ട് മുന്നോട്ട് ഒരടി നടക്കാൻ കഴിയാതെ മുഖം കുനിഞ്ഞ് മറ്റേ കൈ കൊണ്ട് ബാഗിൻ്റെ വള്ളിയുടെ പിടിമുറിക്കി നടക്കാൻ ബുദ്ധിമുട്ടുന്ന വൃന്ദയുടെ ചെവിയിൽ ശില്പ പുലമ്പി - "ആണമ്പാടി ചട്ടമ്പി നെനക്ക് നാണോ?" ചിരിയടക്കി പിടിച്ചു.
എന്തോ പരസ്പരം സംസാരിക്കാൻ രണ്ട് പേർക്കുമായില്ല. പ്രണയത്തിൽ ഒരു പര്യവസാനമില്ലാതെ ദിവസങ്ങൾ കടന്നു പോയി. പേപ്പർ മടക്കുകളിൽ മാത്രം നേരിൽ കാണുമെങ്കിലും സംസാരം കുറവ്. ശനിയായ്ചകളിൽ മുടങ്ങാതെയുള്ള പയ്യന്നൂരപ്പനെ തൊഴാനുള്ള പോക്കിനിടയിലും നോട്ടം മാത്രം. ആദ്യമായി സംസാരിച്ചതു തന്നെ വൃശ്ചിക മാസം തുടങ്ങുന്നതിന് ഒരീസം മുൻപ്.
"മലയ്ക്ക് പോകാൻ മാലയിടുന്നുവെന്നും ഒരാഴ്ച നിന്നെ കാണാണ്ട് നിൻ്റെ എഴ്ത്ത് കിട്ടാണ്ട് എനക്ക് വല്ലാണ്ട് വട്ട് പിടിച്ചൂട്ടാ നിൻ്റെ വീടിൻ്റടുത്ത് വരെ വന്നു വീട്ടിൽ കേറ്യാലോന്ന് വരെ ആലോചിച്ചു അനി തടഞ്ഞോണ്ടാന്ന്, നിനക്ക് പനി എങ്ങനുണ്ട് പെണ്ണേ?"
ആ മുഖത്തേക്ക് നോക്കിയത് തുളുമ്പാൻ നിൽക്കുന്ന രണ്ട് കണ്ണീരിലൂടെയായതുകൊണ്ട് മുഖം വ്യക്തമായിരുന്നില്ല. ശില്പ ദൂരെ നിന്നും കാണുന്നുണ്ടായിരുന്നു ഈ കൂടിക്കാഴ്ച.
"എന്നോട് ഇനി ശിൽപയുടെ കൂടെ സ്കൂളിൽ പോകണ്ടാന്ന് പറഞ്ഞു. അമ്മ കാണാതെ ഓടിയാണ് ഞാൻ ഇവിടെ വരെ വന്നത്."
കയ്യിലുള്ള കുറിപ്പ് അവൻ്റെ കയ്യിൽ ഏൽപിച്ച് തിടുക്കത്തിൽ ശിൽപയ്ക്കൊപ്പം നടന്നു. നടത്തത്തിനിടയിൽ കണ്ടു തൊട്ടപ്പുറം നിൽക്കുന്ന അനിയേട്ടനും മറ്റ് സുഹൃത്തുക്കളും. ചിരിക്കാൻ തുടങ്ങിയത് കരച്ചിലായി മാറി കൈതണ്ട കൊണ്ട് തുടച്ചിട്ടും തുടച്ചിട്ടും മഴ പോലെ ഒഴുകി. മടക്കു പേപ്പർ മഹേഷ് വായിച്ച് മഹേഷിൻ്റെ മങ്ങിയ മുഖം കണ്ട് അനിയും കൂട്ടുകാരും വാങ്ങി വായിച്ചു.
" മഹിയേട്ടാ,
കഴിഞ്ഞ ശനിയായ്ച വീട്ടിൽ എത്തിയപ്പോൾ അച്ഛൻ തെങ്ങിൻ കൊലരിയുമായാണ് കാത്ത് നിന്നത്. നിങ്ങളും രജീഷേട്ടനും എൻ്റെ പുറകിലേ റെയിൽ പാളത്തിന് മുകളിലൂടെ വരുന്നത് അച്ഛൻ കണ്ടിന്. കുറേ തല്ലി നിങ്ങടെ പത്ത് പന്ത്രണ്ട് വഴസ്സ് മൂപ്പ് പറഞ്ഞ് എന്നെ കുറേ തല്ലി. ഞാൻ ആണ് പോലും അച്ഛൻ്റെ പ്രതീക്ഷ . പിറ്റേന്ന് മുതൽ പനി തുടങ്ങി. നിങ്ങൾ അനിയേട്ടൻ്റെ വീട്ടിൽ ഓറൊപ്പം പോകുന്നതും എൻ്റെ വീടിൻ്റെ മുമ്പിൽ കുറച്ച് നേരം നിൽക്കുന്നതുമെല്ലാം ഞാൻ ജനാലക്കപ്പുറം നിന്ന് കണ്ടിരുന്നു. ആ സമയത്തൊക്കെ പനിയാണെന്ന് പോലും നോക്കാതെ അമ്മ കുറേ അടിച്ചു. ഒരു കാര്യം ചെയ്യ്യോ? എനിക്ക് വയസ്സായില്ലാന്നറിയാം എന്നാലും വീട്ടിൽ വന്ന് ചോയ്ക്കോ?.."
പെയ്യാൻ നിൽക്കുന്ന മഴക്കാറു പോലെയായിരുന്നു വൃന്ദയുടെ മുഖം. വൈകുന്നേരം സ്പെഷൽ ക്ലാസ്സ് കഴിഞ്ഞ് സ്കൂൾ ഗേറ്റിൽ നിൽക്കുന്ന മഹേഷിനടുത്തേക്ക് ഓടി.
" ടീ നീ വരുന്നോ എൻ്റെ കൂടെ ഇപ്പോ വര്വോ?"
മുഖം താഴ്ന്നു നിന്ന മഹേഷിൻ്റെ മുഖത്ത് നോക്കി തന്നെ അവൾ പറഞ്ഞു.
"പറ്റില്ല എൻ്റെ അച്ഛൻ്റെ തല ഇതു പോലെ മറ്റുള്ളവരുടെ മുന്നിൽ താഴരുത്. അവരുടെ സമ്മതമില്ലാതെ ഒന്നും നടക്കില്ല. കാത്തു നിൽക്കാം എന്നെ മറന്നു എന്ന് തോന്നുന്നത് വരെ".
പറഞ്ഞു തീർന്നതും അച്ഛൻ തൊട്ട് പുറകിലെ ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നും ഇറങ്ങി വന്നതു കണ്ടപ്പോൾ ഭയന്നു പോയി. വൃന്ദ തന്നെ കൂട്ടാൻ വന്നിട്ടും എന്തേ അച്ഛൻ സൈക്കിൾ ചവിട്ടി പോയി. ഉത്തരം കിട്ടാത്ത പ്രഹേളിക പോലെ കാത്തു നിന്ന ശിൽപയേയും കൂട്ടി അവൾ നടന്നു. "വഴിയിൽ അനിയേട്ടനും കൂട്ടുകാരും ഉണ്ടായിട്ടും എൻ്റെ മുഖത്ത് പോലും നോക്കാത്തതെന്തേ ശിൽപേ?"
മൗനത്തെ പുൽകാൻ മാത്രമേ ശിൽപയ്ക്ക് കഴിഞ്ഞുള്ളു.
രാത്രി ഒരെട്ടരയാകുമ്പോൾ കേട്ടു "ടീ വൃന്ദു, പെണ്ണേ നീ എറങ്ങിവാ ൻ്റെ മഹിയേട്ടനാണ് വിളിക്കുന്നത് വാ"
ഓടി വാതിൽക്കൽ എത്തിയപ്പോൾ അവൾ കണ്ടു. ഒന്നു നിവർന്നു നിൽക്കാൻ പോലും കഴിയാത്ത മഹേഷിനെ.
"എണേ എൻ്റെച്ഛൻ വന്നിരുന്നു ഈട -നിന്നെ ചോയ്ക്കാൻ നീ പറഞ്ഞില്ലേ? അയിന് വന്നത്. ഏത് പട്ടിക്കും പിച്ചക്കാരന് കൊടുത്താലും എനക്ക് തരൂല്ലാന്ന് പറഞ്ഞിന് നിൻ്റെച്ഛൻ. നീ വാ പെണ്ണേ പിച്ചയെടുക്കാണ്ട് നോക്കൂടി..."
മുറ്റത്തേക്ക് പാഞ്ഞു പോകുന്ന മാമനും അച്ഛനും മുന്നേ ഓടി. അവൾ കരഞ്ഞു കൊണ്ട് മഹേഷിനോട് പറഞ്ഞു.
"ആദ്യം നിങ്ങ ഈട്ന്നോ പോ... വൈന്നേരം പറഞ്ഞില്ലേ കാത്ത് നിക്ക ഞാൻ എൻ്റച്ഛൻ്റെ തല താഴ്ത്താൻ പറ്റില്ല"
മഹേഷിനെ വലിച്ചു കൊണ്ടു പോകുന്ന അനിയേട്ടൻ്റെ മുഖത്ത് വെറുപ്പും വാശിയും നിറഞ്ഞു നിന്നിരുന്നു.
ഒരാഴ്ചയായിട്ട് മഹേഷിനെ എവിടേയും കണ്ടില്ല ഒരേയൊരു മാർഗ്ഗം അമ്പലമാണ്. ആരാധന ആയതുകൊണ്ട് അടുത്ത വീട്ടിലെ ലതേച്ചിക്കൊപ്പം പോകാൻ സമ്മതം വാങ്ങി വൃന്ദ കൂടെ പോയി. അമ്പലകുളപ്പടിയിൽ കാൽ കഴുകി മീനിന് തീറ്റ നൽകുന്ന ലതേച്ചിയുടെ മകനൊപ്പം പൊന്തി വരുന്ന മീനിനെ നോക്കി നിൽക്കുമ്പോൾ കണ്ടു, കറുത്ത വസ്ത്രധാരിയും നെറ്റിയിലും കയ്യിലും മാറിലും ഭസ്മവും തേച്ച് കറുത്ത മേൽമുണ്ട് നേരെയാക്കി നടക്കുന്ന മഹേഷ്. തൻ്റെ മുഖത്ത് പോലും നോക്കാതെ കുറച്ചകലെ അമ്പല നടയിലേക്ക് നടന്നു നീങ്ങിയ മഹേഷിന് പുറകേ ഓടിയ വൃന്ദയുടെ മുന്നിൽ അനിയും കൂട്ടരും വന്നു.
"നിനക്ക് മാത്രമല്ല; അവൻ്റച്ഛനും അഭിമാനവുമുണ്ടെന്ന് നിൻ്റച്ഛനോട് പറഞ്ഞോ പിച്ചക്കാരനു കൊടുത്തോ അവന് നിന്നെ വേണ്ടാന്ന്"
പിന്നേയും എന്തൊക്കെയോ പറയുന്ന അവരുടെ വാക്കുകൾ അവളുടെ കാതിൽ പതിഞ്ഞതേയില്ല. മീനിനു തീറ്റ കൊടുക്കുന്ന തിരിക്കിലായതിനാൽ ലതയും മകനും ഇതറിഞ്ഞതേയില്ല.
ദിവസങ്ങൾ കടന്നുപോയി വാശിയായിരുന്നു വൃന്ദയ്ക്ക് ആരോടെന്നില്ലാതെ. പലയിടങ്ങളിൽ പല തവണ കണ്ടിട്ടും മുഖം തരാതെ പോയ മഹേഷ് വൃന്ദയ്ക്ക് നൽകിയത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഡിഗ്രിക്ക് ഫസ്റ്റ് ഇയർ പഠിക്കുന്ന ദിവസം അമ്മാവൻ്റെ വീട്ടിലെ കുട്ടികളെ കളിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ കണ്ടു നടന്നു വരുന്ന അനിയേയും മഹേഷിനേയും.
ഒരു കൊള്ളിമീൻ പാഞ്ഞ പോലെ തോന്നി വൃന്ദയ്ക്ക്. നേരെ സിറ്റൗട്ടിൽ കയറി മാമനോട് മഹേഷിൻ്റെ കല്യാണം ക്ഷണിക്കാൻ വന്നതാണെന്ന് അനിയേട്ടൻ കുറച്ച് ഉച്ചത്തിൽ പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞത് മറ്റുള്ളവർ കാണാതിരിക്കാൻ നന്നേ പാടുപെട്ടു വൃന്ദ . അമ്മാവൻ്റെ വീട്ടിലെ സിറ്റൗട്ടിൽ ചുമരിൽ ഒട്ടിച്ച കണ്ണാടിയിൽ തൻ്റെ കോലൻ മുടിയൊതുക്കുന്ന മഹേഷിൻ്റേയും മഹേഷിനെ തന്നെ നോക്കി നിൽക്കുന്ന വൃന്ദയുടേയും കണ്ണുകൾ ചില്ല് കൂട്ടിൽ വച്ച് കൂട്ടിമുട്ടി. ആ മുഖത്തേക്ക് നോക്കിയത് തുളുമ്പാൻ നിൽക്കുന്ന രണ്ട് കണ്ണീരിലൂടെയായതുകൊണ്ട് മഹേഷിൻ്റെ മുഖം വ്യക്തമായിരുന്നില്ല. തിരിഞ്ഞ് വേച്ചു വേച്ചു കുറച്ചധികം കണ്ടങ്ങൾ അപ്പുറത്തുള്ള വീട്ടിലേക്ക് മടങ്ങവെ, കണ്ട വരമ്പിൻ വഴിലൂടെ നടക്കുന്ന വൃന്ദ കേട്ടു. "പെണ്ണേ..." ആരോ പിടിച്ചു വലിച്ചതുപോലവൾ നിന്നു. മഹേഷ് വെഡ്സ് അനിത എന്ന വെള്ള കവർ നീട്ടിയപ്പോൾ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾക്കിടയിലും അവൾ കണ്ടു വിജയശ്രീമാനെ പോലെ അവനെ; മഹേഷിനെ നിറഞ്ഞ പുഞ്ചിരിയോടെ...
ഭ്രാന്തു പൊട്ടി പുണ്ണാകുന്നത് മറ്റുള്ളവരെ കാണിക്കാതിരിക്കാൻ ഹോസ്റ്റലിലേക്ക് മാറി വൃന്ദ . മഹേഷിൻ്റെ കല്യാണ ദിവസത്തിൻ്റെ പിറ്റേ ദിവസം റൂം മേറ്റ് ദീപ്തിയെ കൂട്ടുപിടിച്ച് നേരെ ഹോസ്റ്റലിൽ നിന്നും തൻ്റെ പ്രീയപ്പെട്ട സുബ്രഹ്മണ്യൻ്റെ അമ്പലത്തിൽ എത്തി. അവൾക്കറിയാം മഹേഷ് അവിടെ വരുമെന്ന്. തൻ്റെ കയ്യിലുള്ള കീറി മുറിഞ്ഞ പേപ്പർ മടക്കുകളിലൊന്നിൽ "ടീ പെണ്ണെ നിന്നെ ഞാൻ കെട്ടിയാൽ കെട്ടിൻ്റെ പിറ്റേ ദിവസം രാവിലെ നമ്മുടെ അമ്പലത്തില് വന്ന് പയ്യന്നൂരപ്പൻ്റെ അനുഗ്രഹം വാങ്ങീറ്റ് മാത്രമേ ജീവീതം തുടങ്ങാൻ പാടുള്ളൂട്ടാ..."
അമ്പല പടിയിൽ ആലോചനയിൽ മുഴുകിയ വൃന്ദ കാൽപെരുമാറ്റം കേട്ട് നോക്കിയപ്പോൾ പ്രിയതമയും മഹേഷും വെള്ളം തൊട്ടു നോവിക്കാത്ത ആദ്യ പടിയിൽ കാൽ കഴുകുന്നു. മീനിന് തീറ്റയിട്ട് പൊന്തി വരുന്ന മീനിനെ തൊടാൻ ശ്രമിക്കുന്ന ദീപ്തി വിളിച്ചു പറഞ്ഞു
"ടീ തീറ്റ തീർന്നു".
പ്രിയയുടെ ചുമലിലൂടെ കയ്യിട്ട് അമ്പല പടി മുകളിൽ എത്തിയൊരു തിരിഞ്ഞു നോട്ടം. ഞെട്ടിയോ എന്തോ പക്ഷേ മഹേഷിൻ്റെ മുഖം മഴക്കാറുപോൽ മങ്ങുന്നത് വൃന്ദ കണ്ടു. കുറേ കടലാസു മടക്കുകൾ പതിനായാരിങ്ങളായി മുറിഞ്ഞത് കൈ കൊണ്ടിട്ടു കൊടുക്കുന്ന വൃന്ദയും അതകത്താക്കാൻ ശ്രമിക്കുന്ന നൂറ് കണക്കിന് മീനുകളും .
നിറഞ്ഞ മൂന്നു വർഷമിപ്പുറം വിവാഹം കഴിഞ്ഞ് എനിക്ക് തന്ന വാക്ക് പാലിച്ച "നമ്മുടെ കെട്ടിൻ്റെ പിറ്റേ ദിവസം രാവിലെ നമ്മുടെ കെട്ട് നടക്കുന്ന പയ്യന്നൂരപ്പൻ്റെ അമ്പലത്തില് വന്ന് പയ്യന്നൂരപ്പൻ്റെ അനുഗ്രഹം വാങ്ങീറ്റ് മാത്രമേ ജീവീതം തുടങ്ങാൻ പാടുള്ളൂട്ടാ..."
നിർവൃതിയോടെ അമ്പല പടി മുകളിലൂടെ തൻ്റെ കയ്യും പിടിച്ച് നടക്കന്ന പ്രിയതമൻ്റെ അരികിലൂടെ ഒരു സ്തീയും പുരുഷനും ഒരു രണ്ട് വയസ്സുകാരി സുന്ദരിക്കുട്ടിയുടെ കൈ പിടിച്ചു നടക്കുന്നു. ഓടാൻ തുടങ്ങിയ മകളെ അയാൾ നീട്ടി വിളിച്ചു "മോളെ ടീ പെണ്ണേ വൃന്ദു നീ വഴുതി വീഴും ട്ടാ നീയാണീയച്ഛൻ്റെ പ്രതീക്ഷ" ഞെട്ടി തിരിഞ്ഞു നോക്കിയ വൃന്ദയുടെ മുഖം മഴക്കാറു പോൽ പടരാൻ തുടങ്ങുന്നതിനിടയിൽ കണ്ടു ഉരുണ്ടു കൂടിയ കണ്ണീരുനുള്ളിൽ അവ്യക്തമായി തന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിക്കുന്ന മഹേഷ് .
"ടീ പെണ്ണേ" ചാരിയ കുളിമുറി വാതിൽ തുറന്ന് പുറകിലൂടെ വന്ന് കഴുത്തിൽ ചുംബിച്ചു നനയുന്ന തൻ്റെ പ്രിയതനു നേരെ തിരിഞ്ഞ് ഉതിർന്നു വീഴുന്ന നീർകണങ്ങൾക്കൊപ്പം തൻ്റെ കണ്ണീരുമുണ്ടെന്നറിയിക്കാതെ അവൻ്റെ രോമാവൃതമായ നെഞ്ചിലേക്കവൾ മുഖമമർത്തി.
---------------------------------------------
കാവ്യ എം കല്ലന്താട്ട്
കണ്ണൂർ