

പാൽ കപ്പയും ബീഫ് കറിയും മലയാളികളുടെ ഇഷ്ടവിഭവമായി മാറിയിരിക്കുകയാണ്. കപ്പയുടെ മൃദുവായ സ്വാദും തേങ്ങാപ്പാലിന്റെ മധുരവും ചേർന്നാൽ അതീവ രുചികരമായ വിഭവമാണ്. അതിനോടൊപ്പം കഴിക്കാൻ കുരുമുളകിട്ട നല്ല കുറുകിയ ബീഫ് കറിയും. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആദ്യം പാൽ കപ്പ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ:
കപ്പ – 1 കിലോ
ഉപ്പ് – ആവശ്യത്തിന്
തേങ്ങാപ്പാൽ – 2½ കപ്പ് (അരമുറി തേങ്ങയുടെ പാൽ)
ഇഞ്ചി – ചെറിയ കഷണം
പച്ചമുളക് – 3 എണ്ണം
ചെറിയ ഉള്ളി – 5 എണ്ണം
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
വറ്റൽമുളക് – 3 എണ്ണം
കറിവേപ്പില – കുറച്ച്
തയ്യാറാക്കുന്ന വിധം:
കപ്പ തൊലി കളഞ്ഞ് ചെറുതായി കഷണങ്ങളാക്കി ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. ശേഷം വെള്ളം ഊറ്റി മാറ്റുക.
ചതച്ച ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ ചേർത്ത് രണ്ട് കപ്പ് തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക.
കപ്പ ചെറിയ തോതിൽ ഉടയ്‌ക്കുക. കുറുകിയതിനു ശേഷം ശേഷിച്ച അര കപ്പ് തേങ്ങാപ്പാൽ ചേർത്ത് വീണ്ടും തിളപ്പിക്കുക.
വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് ഉള്ളി, വറ്റൽമുളക്, കറിവേപ്പില മൂപ്പിച്ച് പാൽ കപ്പയിലേക്ക് ചേർക്കുക.
ബീഫ് കറി
പാൽ കപ്പയുടെ കൂടെ കഴിക്കാൻ ഏറ്റവും നല്ലൊരു വിഭവമാണ് കുരുമുളകിട്ട സ്വാദുള്ള ബീഫ് കറി.
ആവശ്യമായ ചേരുവകൾ:
ബീഫ് (എല്ലോടുകൂടിയ) – 600 ഗ്രാം
സവാള – 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി – 1 ടേബിൾസ്പൂൺ
പച്ചമുളക് – 3 എണ്ണം
തക്കാളി – 1 എണ്ണം
മുളകുപൊടി (കാശ്മീരി) – 2 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്
കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
വെളിച്ചെണ്ണയിൽ ഏലക്കയും സവാളയും വഴറ്റുക. ഇഞ്ചി-വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം തക്കാളിയും ഉപ്പും ചേർത്ത് അടച്ചു വെച്ച് വേവിക്കുക.
ഇതിലേക്ക് മസാല പൊടികൾ ചേർത്ത് നന്നായി ഇളക്കി ബീഫ് ചേർക്കുക. ചൂടുവെള്ളം ചേർത്ത് കുക്കറിൽ നാലു വിസിൽ വരുന്നത് വരെ വേവിക്കുക.
മറ്റൊരു പാനിൽ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില വഴറ്റി കറിയിൽ ചേർത്ത് കുറുകിയെടുക്കുക. ഇതിലേക്ക് കുരുമുളകുപൊടിയും ഗരം മസാലയും ചേർത്ത് ഒന്ന് തിളപ്പിക്കുക.