മലയാളികളുടെ പരമ്പരാഗത രുചി കൂട്ട് വറുത്തരച്ച കടച്ചക്ക കറി | Kadachakka Curry

ഈ കറിചോറിനൊപ്പവും കൂടാതെ, ചപ്പാത്തി, പത്തിരി തുടങ്ങിയ പലഹാരങ്ങൾക്കൊപ്പവും കഴിക്കാവുന്നതാണ്.
Image Credit: Google
Updated on

വറുത്തരച്ച കടച്ചക്ക കറി മലയാളികളുടെ പരമ്പരാഗത രുചികൂട്ടാണ്. ഈ കറിചോറിനൊപ്പവും കൂടാതെ, ചപ്പാത്തി, പത്തിരി തുടങ്ങിയ പലഹാരങ്ങൾക്കൊപ്പവും കഴിക്കാവുന്നതാണ്. എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് ഈ വിഭവം.

ചേരുവകൾ

കടച്ചക്ക - ഒന്നിന്റെ പകുതി

ചെറിയ ഉള്ളി - 10 എണ്ണം

സവാള - ഒരെണ്ണം

പച്ചമുളക് - രണ്ടെണ്ണം

ഇഞ്ചി - ഒരു ചെറിയ കഷ്ണം

വെളുത്തുള്ളി - 4 അല്ലി

തക്കാളി - 1 എണ്ണം

നാളികേരം ചിരകിയത് - ഒരു കപ്പ്

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

മല്ലിപ്പൊടി - ഒരു ടേബിൾ സ്പൂൺ

മുളകുപൊടി - രണ്ടു ടീസ്പൂൺ

ഗരം മസാല - അര ടീസ്പൂൺ

നാളികേരക്കൊത്ത് - ആവശ്യത്തിന്

വെളിച്ചെണ്ണ - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

കറിവേപ്പില - ആവശ്യത്തിന്

വറ്റൽ മുളക് - 3 എണ്ണം

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്കു മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്ത് ഒന്ന് വറുത്തെടുക്കുക.

ഒരു ബൗളിലേക്കു കടച്ചക്ക, ചെറുതാക്കി മുറിച്ചത്, ചെറിയ ഉള്ളി, മഞ്ഞൾപ്പൊടി, വറുത്തെടുത്ത മല്ലിപ്പൊടി, മുളകുപൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പും കുറച്ചു വെളിച്ചെണ്ണയും ഒഴിച്ച് നന്നായി യോജിപ്പിക്കുക.

ഒരു ഫ്രൈയിങ് പാൻ ചൂടാക്കി നാളികേരം ചിരകിയതും രണ്ടു ചെറിയ ഉള്ളി മുറിച്ചതും ചേർത്ത് വറുക്കുക. നാളികേരം ഒന്നു ഡ്രൈ ആയി വരുമ്പോൾ കുറച്ചു വെളിച്ചെണ്ണകൂടി ഒഴിച്ച് നാളികേരം ബ്രൗൺ നിറമാകുന്നവരെ വറുക്കുക.വറുത്തെടുത്ത നാളികേരം തണുക്കാൻ വയ്ക്കുക.

ഇനി ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് നാളികേര കൊത്തു ചേർത്ത് ചെറുതായി ഫ്രൈയാക്കിയ ശേഷം ഇതിലേക്ക് ചെറുതായി മുറിച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് സവാള മുറിച്ചതും പച്ചമുളകും കറി വേപ്പിലയും നാളികേരക്കൊത്തും കൂടി ചേർത്ത് വഴറ്റുക. ഇതിലേക്ക് ചെറുതായി മുറിച്ച തക്കാളി ചേർത്ത് വഴറ്റുക. തക്കാളി വഴന്നു വരുമ്പോൾ നേരത്തെ തയാറാക്കി വച്ച കടച്ചക്ക ചേർത്ത് കൊടുക്കുക. കടച്ചക്ക വേകാനുള്ള വെള്ളവും ചേർത്ത് മൂടി വച്ച് വേവിക്കുക.

ഈ സമയം വറുത്തു വച്ച നാളികേരം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. കടച്ചക്ക വെന്തതിലേക്കു നാളികേരം അരച്ചത് ചേർത്ത് കൊടുക്കുക. ഗ്രേവിക്ക്‌ വേണ്ടി ചെറു ചൂട് വെള്ളം ചേർത്തു ഒന്ന് തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പും ഗരം മസാലയും കൂടി ചേർത്തു യോജിപ്പിച്ചു കറി ഇറക്കി വയ്ക്കാം.

ഒരു ചീനചട്ടിയിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളിമുറിച്ചത് ചേർത്ത് കൊടുക്കുക. ഉള്ളി മൂത്തു വരുമ്പോൾ വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് മൂപ്പിച്ചു കടച്ചക്ക കറിയിലേക്കു ഒഴിച്ച് കൊടുക്കുക. കടച്ചക്ക വറുത്തരച്ച കറി തയാർ.

Related Stories

No stories found.
Times Kerala
timeskerala.com