കപ്പ് നേടിയാലും ഇല്ലെങ്കിലും ഷമി തന്നെ ടൂർണമെൻ്റിലെ താരമെന്ന് യുവരാജ് സിംഗ്
Nov 18, 2023, 19:51 IST

ഇന്ത്യ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും മുഹമ്മദ് ഷമി തന്നെ ടൂർണമെൻ്റിലെ താരമെന്ന് മുൻ താരം യുവരാജ് സിംഗ്. ലോകകപ്പിൽ ഷമിയുടെ പ്രകടനം അസാധ്യമായിരുന്നു എന്നും ടൂർണമെൻ്റിലെ താരമാവാൻ ഏറ്റവും അർഹത ഷമിക്കാണെന്നും യുവരാജ് സ്പോർട്സ് തകിനോട് പറഞ്ഞു. രാഹുലിനും രോഹിതിനും ആദ്യ ലോക കിരീടം സ്വന്തമാക്കാനുള്ള അവസരമാണിത് എന്നും യുവി പ്രതികരിച്ചു. വെറും ആറ് മത്സരങ്ങൾ മാത്രം കളിച്ച ഷമി 23 വിക്കറ്റുകളുമായി ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റെടുത്തവരുടെ പട്ടികയിൽ ഒന്നാമതാണ്.
ഇന്ത്യയുടെ ബെഞ്ചിൽ എല്ലാ സമയത്തും മാച്ച് വിന്നർമാരുണ്ടാവാറുണ്ട്. ഹാർദിക്കിനു പരുക്കേറ്റത് അനുഗ്രഹമായെന്നു കരുതുന്നില്ല. ഷമിക്ക് അവസരം കിട്ടുമോ എന്നു പലരും കാത്തിരിക്കുന്നുണ്ടായിരുന്നു. കാത്തിരിപ്പിനൊടുവിൽ അദ്ദേഹം വന്നത് തീപ്പൊരി പടത്തിയെന്നും ടൂർണമെന്റിന്റെ താരമാവാൻ ആർക്കെങ്കിലും അർഹതയുണ്ടെങ്കിൽ അത് ഷമിക്കാണെന്ന് ഞാൻ കരുതുന്നെന്നും യുവരാജ് പറഞ്ഞു. ഏഷ്യാ കപ്പിനു മുൻപ് ആളുകൾ ചിന്തിച്ചിരുന്നത് ടീം കോമ്പിനേഷനെപ്പറ്റിയായിരുന്നു. എന്നാൽ, രാഹുൽ, അയ്യർ, ബുമ്ര എന്നിവരുടെ വരവ് ടീമിന്റെ ഘടന തന്നെ മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
