

വയനാട്: സി.കെ നായിഡു ട്രോഫിയില്‍ (CK Nayudu Trophy) തമിഴ്‌നാടിനെതിരെ വരുണ്‍ നയനാരുടെ സെഞ്ച്വറി മികവില്‍ കേരളം മുന്നേറുന്നു. ആദ്യ ദിനം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെന്ന നിലയിലാണ് കേരളം. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 204 പന്തില്‍ നിന്നാണ് വരുണ്‍ പുറത്താകാതെ 113 റണ്‍സെടുത്തത്. 12 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. അഞ്ചാമനായി ഇറങ്ങിയ കാമില്‍(67) പുറത്താകാതെ അര്‍ദ്ധസെഞ്ച്വറിയും കരസ്ഥമാക്കി.
ടോസ് നേടിയ തമിഴ്‌നാട് കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ കേരളത്തിന് ക്യാപ്റ്റന്‍ അഭിഷേക് നായര്‍(4),റിയ ബഷീര്‍(0) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 21 ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും നഷ്ടമായ കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് വരുണും കാമില്‍ അബൂബക്കറും ചേര്‍ന്നായിരുന്നു. ഇരുവരും ചേര്‍ന്നുള്ള സഖ്യം 178 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇടയ്ക്ക് പെയത മഴയും വെളിച്ചക്കുറവും മൂലം ആദ്യ ദിനം 71 ഓവര്‍മാത്രമാണ് എറിയാനായത്. തമിഴ്‌നാടിനായി ജി ഗോവിന്ദ് രണ്ട് വിക്കറ്റും സണ്ണി ഒരു വിക്കറ്റും നേടി