

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിച്ചേക്കും. ഡിസംബര്‍ നാലിനകം ടീമിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചുള്ള അപ്‌ഡേറ്റിന് വേണ്ടിയാണ് ടീം പ്രഖ്യാപനം വൈകുന്നതെന്നാണ് വിവരം. ഗില്‍ ടി20 പരമ്പരയില്‍ കളിക്കുന്ന കാര്യത്തിൽ വ്യക്തതയില്ല. ഗില്‍ ഇല്ലെങ്കില്‍ പിന്നെ ആരാകും വൈസ് ക്യാപ്റ്റൻ?
ഗില്ലിന് മുമ്പ് ടി20യില്‍ അക്‌സര്‍ പട്ടേലായിരുന്നു വൈസ് ക്യാപ്റ്റൻ. ഗില്‍ കളിച്ചില്ലെങ്കില്‍ ഒരു പക്ഷേ, അക്‌സറിനെ പരിഗണിച്ചേക്കും. ഹാര്‍ദ്ദിക് പാണ്ഡ്യയും, ജസ്പ്രീത് ബുംറയും ടി20 പരമ്പരയിലുണ്ടാകുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഇവരില്‍ ആരെയെങ്കിലും പരിഗണിക്കാനും സാധ്യതയുണ്ട്. ഋഷഭ് പന്ത് ടി20 സ്‌ക്വാഡില്‍ തിരിച്ചെത്തുമെന്നാണ് വിവരം. പന്തിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയാല്‍ ചിലപ്പോൾ, വൈസ് ക്യാപ്റ്റനായും പരിഗണിച്ചേക്കും.
സഞ്ജു സാംസണ്‍ ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെടുമോ? എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഏഷ്യാ കപ്പിലടക്കം സഞ്ജുവായിരുന്നു പ്രധാന വിക്കറ്റ് കീപ്പര്‍. എന്നാല്‍ ഓസീസ് പര്യടനത്തില്‍ ഒരു മത്സരത്തില്‍ മാത്രമാണ് താരത്തിന് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. ആ മത്സരത്തിലെ പ്രകടനം മോശമായതിന്റെ പേരില്‍ മറ്റ് മത്സരങ്ങളില്‍ നിന്നു താരത്തെ മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട്, അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മൂന്നിലും ജിതേഷ് ശര്‍മയെയാണ് വിക്കറ്റ് കീപ്പറായി കളിപ്പിച്ചത്. ഏതെങ്കിലും ഒരു മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെ തഴയുന്നതില്‍ ആരാധകര്‍ അതൃപ്തിയിലാണ്.
അതേസമയം, ഋഷഭ് പന്ത് സ്‌ക്വാഡിലെത്തിയാല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഗില്ലിന്റെ അഭാവം ഓപ്പണിങ് പൊസിഷനിലേക്ക് തിരിച്ചെത്താനുള്ള സഞ്ജുവിന്റെ സാധ്യതയും തെളിയുന്നു. ഗില്ലിന് പകരം യശ്വസി ജയ്‌സ്വാളിനെ പരിഗണിച്ചാല്‍ അത് സഞ്ജുവിന് തിരിച്ചടിയാകും. അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ ഓപ്പണിങ് കൂട്ടുക്കെട്ട് ഇന്ത്യയ്കക്ക് വന്‍ വിജയമായിരുന്നു. എന്നാല്‍ സഞ്ജുവിനെ മിഡില്‍ ഓര്‍ഡറിലേക്ക് പിന്തള്ളി ഗില്ലിനെ ഓപ്പണറാക്കിയത് മുതല്‍ ടീമിന്റെ പതനം തുടങ്ങിയെന്നാണ് ആരാധകർ പറയുന്നത്.