ന്യൂഡൽഹി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. വാരിയെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ശ്രേയസിനെ സിഡ്‌നിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരമ്പരയ്ക്ക് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയിട്ടില്ല.(Shreyas Iyer suffers serious injury and internal bleeding)
പരിശോധനയിൽ ശ്രേയസിന് ആന്തരിക രക്തസ്രാവമുണ്ടായെന്ന് കണ്ടെത്തിയതായി വാർത്താ ഏജൻസിറിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം ഐ.സി.യുവിൽ ചികിത്സയിലാണ്.
ഡ്രസ്സിങ് റൂമിൽ വെച്ച് അടിയന്തര പരിചരണം നൽകിയില്ലായിരുന്നെങ്കിൽ പരിക്ക് മാരകമാകുമായിരുന്നുവെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ശ്രേയസിന് ആശുപത്രിയിൽ കഴിയേണ്ടി വരും.
കഴിഞ്ഞ രണ്ട് ദിവസമായി ശ്രേയസ് ഐ.സി.യുവിൽ ആയിരുന്നു. അദ്ദേഹത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയേണ്ടതിനാൽ, അദ്ദേഹം രണ്ടുമുതൽ ഏഴ് ദിവസം വരെ നിരീക്ഷണത്തിൽ തുടരും. ടീം ഡോക്ടറും ഫിസിയോയും ശ്രേയസിനെ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് കാര്യങ്ങൾ എളുപ്പമാക്കി.
നവംബർ 30-ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ശ്രേയസിന് കളിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. പരമ്പര നഷ്ടമായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഓസ്‌ട്രേലിയൻ ബാറ്റർ അലക്‌സ് കാരിയെ പുറത്താക്കാൻ ബാക്ക്‌വേർഡ് റണ്ണിംഗ് ക്യാച്ച് എടുക്കുന്നതിനിടെ വഴുതി വീണപ്പോഴാണ് ശ്രേയസിന് വാരിയെല്ലിന് പരിക്കേറ്റത്.