ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ തീരുമാനം പിൻവലിച്ച് ഷാക്കിബ് അൽ ഹസൻ | Shakib Al Hasan

ബംഗ്ലാദേശിനായി വീണ്ടും ടെസ്റ്റും ഏകദിനവും ട്വന്റി20യും ഉൾപ്പെടുന്ന ഒരു പരമ്പര കൂടി കളിച്ചശേഷം എല്ലാ ഫോർമാറ്റിൽ നിന്നും ഒരേസമയം വിരമിക്കാനാണ് താരത്തിന്റെ ആഗ്രഹം.
Shakib Al Hasan
Updated on

ബംഗ്ലാദേശ് ക്രിക്കറ്റ് ഇതിഹാസം ഷാക്കിബ് അൽ ഹസൻ ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച തീരുമാനം പിൻവലിച്ചു. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും രാജ്യത്തിനായി ഇനിയും കളിക്കാനും ഒരു 'ഫെയർവെൽ സീരീസി'ലൂടെ ഒരേസമയം വിരമിക്കാനുമാണ് താരത്തിന്റെ ആഗ്രഹം.

"ഔദ്യോഗികമായി ഞാൻ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചിട്ടില്ല. ഇക്കാര്യം ആദ്യമായാണ് തുറന്നുപറയുന്നത്. ബംഗ്ലാദേശിനായി വീണ്ടും കളത്തിലിറങ്ങി ടെസ്റ്റും ഏകദിനവും ട്വന്റി20യും ഉൾപ്പെടുന്ന ഒരു പരമ്പര കൂടി കളിച്ച ശേഷം എല്ലാ ഫോർമാറ്റിൽ നിന്നും ഒരേസമയം വിരമിക്കാനാണ് എന്റെ ആഗ്രഹം." - ശാക്കിബ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ഒരു വർഷത്തിലേറെയായി താരം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ല. 38 കാരനായ ഷാക്കിബ് അൽ ഹസൻ ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. എല്ലാ ഫോർമാറ്റിലുമായി 14,000 റൺസും 700 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

അതേസമയം, അവാമി ലീഗിന്റെ മുൻ എം.പി. കൂടിയായ ഷാക്കിബിന്റെ പേരിൽ ഇപ്പോൾ രാജ്യത്ത് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ അവാമി ലീഗ് സർക്കാറിന് വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഭരണം നഷ്ടപ്പെട്ടതോടെ ഷാക്കിബ് നിലവിലെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com