

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ തുടർന്നും കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം ശ്രീവത്സ് ഗോസ്വാമി. ഏകദിന ഫോർമാറ്റിൽനിന്നു വിരമിച്ച് കോലി ടെസ്റ്റിൽ തുടരണമായിരുന്നെന്നാണ് ഗോസ്വാമിയുടെ വാദം. കോലിയുടെ ക്യാപ്റ്റൻസിക്കു കീഴിൽ ഇന്ത്യൻ ടീമിനുണ്ടായിരുന്ന ആത്മവിശ്വാസവും ഊർജവും ഇപ്പോൾ ഇല്ലെന്നും മുൻ ആർസിബി താരം കൂടിയായ ഗോസ്വാമി പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ ടീം പതറുന്ന സാഹചര്യത്തിലാണ് മുൻ ഇന്ത്യൻ താരത്തിന്റെ പ്രതികരണം.
‘‘വിരാട് ഏകദിനത്തിൽനിന്നു വിരമിച്ച് ടെസ്റ്റിൽ തുടരുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ടെസ്റ്റ് ക്രിക്കറ്റ് അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട്. ഒരു താരം എന്ന നിലയിൽ മാത്രമല്ല, അദ്ദേഹം കളിച്ചിരുന്നപ്പോൾ ഇന്ത്യൻ ടീമിനുണ്ടായിരുന്ന ഊർജവും ഏതു സാഹചര്യത്തിലും വിജയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും ഇപ്പോഴില്ല.’’- ഗോസ്വാമി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് ഋഷഭ് പന്തിന്റെ നേതൃത്വത്തിൽ ഗുവാഹത്തിയിൽ ഇറങ്ങിയ ഇന്ത്യൻ ടീം പരമ്പര തോൽവിയുടെ വക്കിലാണ്. ഗുവാഹത്തിയിൽ ജയിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കാൻ സാധിക്കുമായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 201 റൺസെടുത്തു പുറത്തായിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ നേടിയത് 288 റൺസിന്റെ ലീഡ്. തുടർന്ന് ഫോളോ ഓൺ വേണ്ടെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ തീരുമാനിക്കുകയായിരുന്നു.