

അടുത്തവർഷം നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഐ.സി.സി ടൂർണമെന്റുകളുടെ സംപ്രേഷണ കരാറിൽ നിന്ന് പിൻമാറാനൊരുങ്ങി ജിയോ സ്റ്റാർ. 2027വരെ ഐ.സി.സി ടൂർണമെന്റുകളുടെ സംപ്രേഷണ അവകാശ കാലാവധി ഉള്ളപ്പോഴാണ് ജിയോ സ്റ്റാർ കരാറിൽ നിന്ന് പിൻമാറാൻ താൽപര്യം അറിയിച്ചതെന്നാണ് റിപ്പോർട്ട്.
ജിയോ സ്റ്റാർ പിൻമാറാൻ താൽപര്യം അറിയിച്ചതോടെ, 2026-2029 വർഷത്തേക്ക് പുതിയ സംപ്രേഷണ കരാർ നൽകാൻ ഐ.സി.സി നടപടികൾ തുടങ്ങിയെങ്കിലും ഉയർന്ന തുക കാരണം സോണി, ആമസോൺ, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ പ്രമുഖർ ആരും മുന്നോട്ട് വന്നിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. 2.4 ബില്യൺ ഡോളറാണ് 2026-2029 വർഷത്തെ സംപ്രേഷണ കരാറിനായി ഐ.സി.സി ആവശ്യപ്പെടുന്നത്.
2024-27 വർഷത്തെ സംപ്രേഷണ കരാറിനായി ജിയോ സ്റ്റാർ 3 ബില്യൺ ഡോളറായിരുന്നു മുടക്കിയിരുന്നത്. ടി20 ലോകകപ്പിന് മുമ്പ് പുതിയ സംപ്രേഷണ കരാർ ഒപ്പിടാനായില്ലെങ്കിൽ ജിയോ സ്റ്റാർ തന്നെ 2027വരെ തുടരേണ്ടിവരും. 2024-25 വർഷത്തെ സംപ്രേഷണ കരാറിൽ ജിയോ സ്റ്റാറിന്റെ പ്രതീക്ഷിക നഷ്ടം 25,760 കോടി രൂപയാണെന്നും തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച് (12,319 കോടി) ഇരട്ടിയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംപ്രേഷണ കരാർ വിൽക്കുന്നതിലൂടെ ഐ.സി.സിക്ക് വൻ വരുമാനമുണ്ടാകുമെങ്കിലും തങ്ങൾക്ക് അതിനനുസരിച്ചുള്ള വരുമാന വർധനവുണ്ടാകുന്നില്ലെന്നാണ് ജിയോ സ്റ്റാറിന്റെ നിലപാട്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോമുമായുള്ള ലയനത്തിന് മുമ്പ് 2024 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 12,548 കോടി രൂപയായിരുന്നു സ്റ്റാർ ഇന്ത്യയുടെ നഷ്ടം. ഇതിൽ 12,319 കോടി രൂപയും ഐ.സി.സി സംപ്രേഷണ കരാറിൽ നിന്നുള്ളതാണ്.