കോപ അമേരിക്ക; ബ്രസീലിന് മിന്നും ജയം

കോപ അമേരിക്ക; ബ്രസീലിന് മിന്നും ജയം

സാവോ പോളോ: കോപ അമേരിക്കയുടെ ഉദ്ഘാടന പോരാട്ടം ബ്രസീല്‍ ഗംഭീരമാക്കി. ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. ഫിലിപ്പെ കുടിഞ്ഞോയുടെ ഇരട്ടഗോളും എവര്‍ടണ്‍ സോരസിന്റെ ഗോളുമാണ് ബ്രസീലിന് മിന്നുന്ന വിജയം സമ്മാനിച്ചത്. ആക്രമണത്തിലും പ്രതിരോധത്തിലും ബ്രസീല്‍ മികച്ചുനിന്നതോടെ ബൊളീവിയക്ക് ഒന്നും ചെയ്യാനുണ്ടായില്ല.

രണ്ടാം പകുതിയിലാണ് ബ്രസീല്‍ മൂന്നു ഗോളുകളും അടിച്ചത്. അമ്പതാം മിനിറ്റില്‍ കുടിഞ്ഞോയിലൂടെ ബ്രസീല്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നു. ബൊളീവിയന്‍ താരം ജസിനോയുടെ കൈയില്‍ പന്ത് തട്ടിയതിന് വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെ ബ്രസീല്‍ നേടിയെടുത്ത പെനാല്‍റ്റി കുടിഞ്ഞോ വലയിലാക്കി. 53-ാം മിനിറ്റില്‍ കുടിഞ്ഞോ രണ്ടാമത്തെ ഗോളും നേടി. ഫിര്‍മിനോ നല്‍കിയ ക്രോസില്‍ നിന്നാണ് കുടിഞ്ഞോയുടെ രണ്ടാമത്തെ ഗോള്‍.

85-ാം മിനിറ്റില്‍ ബ്രസീലിന്റെ മൂന്നാമത്തെ ഗോള്‍ പിറന്നു. പകരക്കാരനായി ഇറങ്ങിയ എവര്‍ടണ്‍ സോരസായിരുന്നു ഇത്തവണ വലകുലുക്കിയത്. സോരസിന്റെ വലംകാലടി ഷോട്ട് വലയുടെ മൂലയില്‍ വന്നുപതിച്ചു. ചില മിനിറ്റുകള്‍ക്ക് ശേഷം മത്സരം അവസാനിച്ചതിനാല്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ ബൊളീവിയ രക്ഷപ്പെട്ടു.
ജയത്തോടെ ബ്രസീല്‍ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി.

Share this story