ഫുട്ബോൾ വാതുവയ്പ്പ്: തുർക്കിയിൽ 1024 കളിക്കാരെ സസ്പെൻഡ് ചെയ്തു | Football betting

ഗലാറ്റ്സറെയുടെ ദേശീയ ടീം പ്രതിരോധ താരം എരെൻ എൽമാലിയും സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ പെടുന്നു.
Eren Elmaly
Published on

ഇസ്താംബുൾ: തുർക്കിയിൽ ഫുട്ബോൾ വാതുവയ്പ്പിനെ തുടർന്ന് 1024 കളിക്കാരെ തുർക്കി ഫുട്ബോൾ ഫെഡറേഷൻ (ടിഎഫ്എഫ്) സസ്പെൻഡ് ചെയ്തു. ഈ സീസണിൽ ചാംപ്യൻസ് ലീഗിൽ സ്ഥിരമായി കളിക്കുന്ന ഗലാറ്റ്സറെയുടെ ദേശീയ ടീം പ്രതിരോധ താരം എരെൻ എൽമാലിയും സസ്പെൻഡ് ചെയ്യപ്പെട്ടവരിൽപ്പെടുന്നു.

സ്പെയിനിനും ബൾഗേറിയയ്ക്കും എതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള തുർക്കി ടീമിൽ നിന്ന് എൽമാലിയെ ഒഴിവാക്കി. ഇതിനെ തുടർന്ന്, കേസിൽ തന്‍റെ പങ്കാളിത്തം വിശദീകരിച്ച് എൽമാലി തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിൽ പ്രസ്താവന ഇറക്കി. ഏകദേശം അഞ്ച് വർഷം മുൻപ് തന്‍റെ ടീം ഉൾപ്പെടാത്ത ഒരു മത്സരത്തിൽ വാതുവച്ചതായി എൽമാലി ഇതിൽ സമ്മതിക്കുന്നു. അദ്ദേഹം ഈ വർഷമാണ് ഗലാറ്റ്സറെയിൽ ചേർന്നത്.

എൽമാലിയും അദ്ദേഹത്തിന്‍റെ ഗലാറ്റ്സറെ സഹതാരം മെറ്റെഹാൻ ബൽടാസിയും അച്ചടക്ക കമ്മീഷന് റഫർ ചെയ്ത 1024 കളിക്കാരുടെ പട്ടികയിൽ ഉണ്ട്. ഡിവിഷനുകളിലെ മത്സരങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചതായും ഫെഡറേഷൻ അറിയിച്ചു. എന്നാൽ, നിലവിലുള്ള ചാംപ്യന്മാരായ ഗലാറ്റ്സറെ മുന്നിട്ടു നിൽക്കുന്ന സൂപ്പർ ലീഗ് മത്സരങ്ങൾ തുടരും.

അതേസമയം, 'റഫറിമാർ മത്സരങ്ങളിൽ വ്യാപകമായി വാതുവയ്പ് നടത്തി' എന്ന ആരോപണങ്ങൾക്കു പിന്നാലെ ഇപ്പോൾ കളിക്കാർക്കെതിരേയും അന്വേഷണം വന്നത് തുർക്കി ഫുട്ബോളിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 150 ലധികം റഫറിമാർ വാതുവയ്പ് നടത്തിയതായാണ് ആരോപണം. ഇതിൽ ഉന്നതതല മത്സരങ്ങൾ കൈകാര്യം ചെയ്യാൻ അനുമതിയുള്ള ഏഴ് റഫറിമാരും 15 ഉന്നതതല അസിസ്റ്റന്‍റുമാരും ഉൾപ്പെടുന്നുണ്ട്. ടോപ്-ടയർ ക്ലബ് ഐപ്‌സ്‌പോർട്ടിന്‍റെ പ്രസിഡന്‍റും കാസിംപാസയുടെ മുൻ ഉടമയും കേസിൽ ഉൾപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

"തുർക്കി ഫുട്ബോളിനെ എല്ലാ മാലിന്യങ്ങളിൽ നിന്നും ശുദ്ധീകരിക്കാനുമുള്ള കടമ ഞങ്ങൾക്കുണ്ട്," ഫെഡറേഷൻ പ്രസിഡന്‍റ് ഇബ്രാഹിം ഹാസിയോസ്മനോഗ്ലു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com