മുതിർന്ന താരങ്ങളും ഗംഭീറും തമ്മിൽ അസ്വാരസ്യങ്ങൾ: BCCI ഇടപെടലിന് ഒരുങ്ങുന്നു | BCCI

കോലിയും രോഹിതും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ബന്ധം ഇത്രത്തോളം വഷളായത്
മുതിർന്ന താരങ്ങളും ഗംഭീറും തമ്മിൽ അസ്വാരസ്യങ്ങൾ: BCCI ഇടപെടലിന് ഒരുങ്ങുന്നു | BCCI
Updated on

റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ഗൗതം ഗംഭീറും ടീമിലെ ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായതായി സൂചനകൾ. സീനിയർ താരങ്ങളായ ഇരുവരെയും ഗംഭീർ ടീമിൽ നിലനിർത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹെഡ് കോച്ച് ഗൗതം ഗംഭീറുമായി ഇരു താരങ്ങൾക്കുമുള്ള ബന്ധം വഷളായതിൽ ബി.സി.സി.ഐ. അസ്വസ്ഥരാണ്.(Disagreements between senior players and Gambhir, BCCI ready to intervene)

കോലിയും രോഹിതും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ബന്ധം ഇത്രത്തോളം വഷളായത്. ഗംഭീറിന്റെ ഇടപെടലിനെ തുടർന്നാണ് ഇരുവരും ടെസ്റ്റിൽ നിന്ന് വിരമിച്ചതെന്നുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഗംഭീറും സീനിയർ താരങ്ങളും തമ്മിലുള്ള സംഭാഷണങ്ങൾ കുറഞ്ഞുവെന്നും, ടീം മീറ്റിങ്ങുകളിലും പരിശീലന വേളകളിലും താരങ്ങളും കോച്ചും തമ്മിലുള്ള അകൽച്ച പ്രകടമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ടീമിലെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ബി.സി.സി.ഐ. ഉന്നതതല ഇടപെടലിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ബി.സി.സി.ഐ. ഒരു അടിയന്തര യോഗം വിളിച്ചുചേർത്തെങ്കിലും യോഗത്തിലെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ രോഹിത്തും കോലിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വിരാട് കോലി 135 റൺസ് നേടി സെഞ്ച്വറി വേട്ടയിൽ ചില പുതിയ റെക്കോർഡുകൾ സ്വന്തമാക്കി. ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ച്വറി വേട്ടയിൽ സച്ചിൻ തെണ്ടുൽക്കർക്ക് (100) പിന്നിൽ രണ്ടാമനായി. ഒറ്റ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോർഡും കോലി തകർത്തു.ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന നേട്ടവും (5 സെഞ്ച്വറികൾ) കോലി സ്വന്തമാക്കി; സച്ചിനെയും ഡേവിഡ് വാർണറെയും മറികടന്നു.

57 റൺസ് നേടിയ രോഹിത് സിക്സറുകളുടെ കാര്യത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഏകദിന കരിയറിൽ 352 സിക്സറുകൾ നേടി ഹിറ്റ്മാൻ റെക്കോർഡ് തലപ്പത്തെത്തി. 369 ഇന്നിംഗ്‌സിൽ നിന്ന് ഷാഹിദ് അഫ്രീദി പടുത്തുയർത്തിയ റെക്കോർഡാണ് രോഹിത് കേവലം നൂറ് ഇന്നിംഗ്‌സുകൾ കുറച്ചു കളിച്ചിട്ടും സ്വന്തം പേരിൽ കുറിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒട്ടനവധി സിക്സർ റെക്കോർഡുകൾ രോഹിത്തിന്റെ പേരിലുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com