ലോകകപ്പ്: പാക്കിസ്ഥാന്‍ പൊരുതിത്തോറ്റു

ലോകകപ്പ്: പാക്കിസ്ഥാന്‍ പൊരുതിത്തോറ്റു

ടൗണ്‍ടണ്‍: ഓസ്‌ട്രേലിയയുടെ റണ്‍മല പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ പൊരുതിത്തോറ്റു. 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 41 റണ്‍സിനാണ് പരാജയപ്പെട്ടത്. പാക്കിസ്ഥാന്റെ രണ്ടാം തോല്‍വിയാണിത്.

അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാന്‍ 45.4 ഓവറില്‍ 266 റണ്‍സിന് പുറത്താകുകയായിരുന്നു. തോറ്റെങ്കിലും അവസാനം വരെ പൊരുതിയാണ് പരാജയം സമ്മതിച്ചത്. ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് അര്‍ധസെഞ്ചുറിയുമായി പൊരുതിത്തുടങ്ങി. മധ്യനിരയില്‍ ബാബര്‍ അസം (30), മുഹമ്മദ് ഹാഫീസ് (46), സര്‍ഫറാസ് അഹമ്മദ് (40). വാലറ്റത്ത് ഹസന്‍ അലി (32), വഹാബ് റിയാസ് (45). ഇവര്‍ ഓസീസ് പേസിനോട് പൊരുതിനോക്കി. അവസാന നിമിഷം വരെ കങ്കാരുക്കളെ ആശങ്കയുടെ മുള്‍മുനയിലാക്കി ഒടുവില്‍ പാക്കിസ്ഥാന്‍ കീഴടങ്ങി.

വന്‍ ലക്ഷ്യത്തിനു പിന്നാലെ തുടങ്ങിയ പാക്കിസ്ഥാന് തുടക്കം ശുഭകരമായിരുന്നില്ല. ഓപ്പണര്‍ ഫഖാര്‍ സമനെ (0) തുടക്കത്തില്‍ നഷ്ടമായി. പിന്നീട് മൂന്നും നാലും വിക്കറ്റ് കൂട്ടുകെട്ട് പാക്കിസ്ഥാനെ കളിയിലേക്ക് തിരിച്ചെത്തിച്ചു. ബാബര്‍ അസമും ഇമാം ഉള്‍ ഹഖും ചേര്‍ന്നുള്ള (54) അര്‍ധ സെഞ്ചുറി കൂട്ടുകെട്ട്. മുഹമ്മദ് ഹാഫീസുമായുള്ള ഇമാം ഉള്‍ ഹഖിന്റെ 80 റണ്‍സ് കൂട്ടുകെട്ടുമാണ് മത്സരത്തില്‍ തിരിച്ചെത്താന്‍ പാക്കിസ്ഥാനെ സഹായിച്ചത്. എന്നാല്‍ ഈ കൂട്ടുകെട്ട് തകര്‍ന്നതിനു ശേഷം എത്തിയ മാലികും (0) ആസിഫ് അലിയും (5) പെട്ടെന്ന് മടങ്ങി.

ഇതോടെ ഓസ്‌ട്രേലിയ വീണ്ടും പിടിമുറുക്കി. തോല്‍വി ഉറപ്പിച്ച ഘട്ടത്തിലും ഹസന്‍ അലിയും വഹാബ് റിയാസും വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. ഇരുവരും സര്‍ഫറാസ് അഹമ്മദിനെ ഒരറ്റത്തുനിര്‍ത്തി തിരിച്ചടിച്ചു. വഹാബ് റിയാസ്-സര്‍ഫറാസ് അഹമ്മദ് സഖ്യം വാലറ്റത്ത് 64 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഒടുവില്‍ സര്‍ഫറാസിനെ കിടിലന്‍ റൗണ്‍ ഔട്ടിലൂടെ മാക്‌സ്‌വെല്‍ പുറത്താക്കിയതോടെ പാക് പോരാട്ടം അവസാനിച്ചു.

നേരത്തെ ഡേവിഡ് വാര്‍ണറുടേയും ആരോണ്‍ ഫിഞ്ചിന്റേയും (82) കരുത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ വാര്‍ണര്‍ഫിഞ്ച് സഖ്യത്തിന്റെ 146 റണ്‍സാണ് അടിച്ചകൂട്ടിയത്. എന്നാല്‍ ഫിഞ്ചും വാര്‍ണറും പുറത്തായതോടെ പാക്കിസ്ഥാന്‍ മത്സരത്തിലേക്കു തിരിച്ചെത്തി. ഓസീസിനെ എറിഞ്ഞ് ഒതുക്കാന്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ആമീര്‍ മുന്നില്‍നിന്നു. അവസാന ഒമ്പത് ഓവറില്‍ ഓസീസിന്റെ ആറു വിക്കറ്റുകളാണ് നിലംപൊത്തിയത്.

Share this story