ശബരിമല തീര്‍ഥാടനം: ബാലവേലയും ബാലഭിക്ഷാടനവും തടയാന്‍ പ്രത്യേക സ്‌ക്വാഡ്

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ബാലവേലയും ബാലഭിക്ഷാടനവും കണ്ടെത്തുന്നതിനും തടയുന്നതിനുമായി സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍ എ ഷിബു. 1986 ലെ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ലേബര്‍ ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള ജില്ലാതല ടാസ്‌ക്‌ഫോഴ്‌സിന്റെ അവലോകനയോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബാലഭിക്ഷാടനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും, കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതി നടപ്പിലാക്കണം. അതിഥി തൊഴിലാളികളുടെ കുടുംബങ്ങളെയും കുട്ടികളെയും പരിശോധ പരിധിയില്‍ ഉള്‍പ്പെടുത്തണം. ബാലവേലയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും കർശന നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. പഴുതുകള്‍ സൃഷ്ടിച്ച് കുറ്റവാളികള്‍ പുറത്ത് പോകാതിരിക്കാന്‍ കൃത്യമായും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.