വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃക; സ്ത്രീകളുടെ പ്രതീക്ഷയായി മാറി

വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും, വിവിധ വിഷയങ്ങളില്‍ കൃത്യമായി ഇടപെടല്‍ നടത്തി സ്ത്രീകളുടെ പ്രതീക്ഷയായി വനിതാ കമ്മിഷന്‍ മാറിയെന്നും വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. അണ്‍ എയ്ഡഡ് സ്‌കൂളില്‍ ജോലിചെയ്യുന്ന അധ്യാപകരെ പിരിച്ചുവിടുകയും അവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്ത വിഷയം, ജോലിയില്‍ ഇരിക്കെ മരിച്ച മകനുമായി ബന്ധപ്പെട്ട ആശ്രിത നിയമനത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും തര്‍ക്കം,
കുടുംബ തര്‍ക്കങ്ങള്‍, ഗാര്‍ഹിക പീഡനം, വഴി സംബന്ധിച്ച തര്‍ക്കം, ഉള്‍പ്പെടെ 45 കേസുകളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. അതില്‍ ആറെണ്ണം തീര്‍പ്പാക്കി. അഞ്ചെണ്ണം പോലീസ് റിപ്പോര്‍ട്ട് തേടി. രണ്ടെണ്ണം കൗണ്‍സിലിംഗിന് വിട്ടു. 32 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
എയ്ഡഡ് സ്‌കൂളിലെ സ്വീപ്പര്‍ ജീവനക്കാരിക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ഷങ്ങളായി നിഷേധിച്ചെന്ന പരാതിയില്‍ അവര്‍ക്ക് ശമ്പളം കൊടുക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി വിദ്യാലയത്തിന്റെ അവസ്ഥ ബോധ്യപ്പെടണമെന്നും ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി ഉടന്‍ തന്നെ പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
