വവ്വാലുകളെ ഭയപ്പെടേണ്ടതില്ല; വേണ്ടത് ജാഗ്രത

വവ്വാലുകൾ സസ്തനി വിഭാഗത്തിൽപെടുന്ന വന്യജീവികളാണെന്നും അവയെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഓഫീസർ അറിയിച്ചു. നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകൾ/ കടവാതിലുകൾ നിപ വൈറസ് മൂലം രോഗ ബാധിതരാവുകയോ, മരിക്കുകയോ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടില്ല. ഇവ വലുപ്പം കൂടുതലുള്ളവയും മരങ്ങളിൽ ചേക്കേറുകയും ചെയ്യുന്നവയാണ്. ഇവയെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ ആവാസ വ്യവസ്ഥയിൽ മാറ്റം വരുത്തുകയോ ചെയ്യുമ്പോൾ സമ്മർദ്ധം മൂലം ശരീരത്തിൽ ഉള്ള വൈറസിന്റെ തോത് കൂടുവാനും, ശരീര സ്രവങ്ങളിലൂടെ വൈറസുകൾ പുറം തള്ളപ്പെടാനും ഇതുമൂലം രോഗവ്യാപനം കൂടാനും ഇടയാകും.

കിണറുകളിലും, ഗുഹകളിലും, ആൾതാമസം കുറവുള്ള കെട്ടിടങ്ങളിലും, പാലങ്ങളുടെ ചുവട്ടിലും കണ്ടുവരുന്നത് വലുപ്പം കുറഞ്ഞതും ചെറുപ്രാണികളെയും, പല്ലികളെയും കഴിക്കുന്ന മറ്റിനം വവ്വാലുകൾ / നരിച്ചീറുകൾ ആണ്. മനുഷ്യരുടെ കൂടെ തന്നെ കാലാകാലങ്ങളായി ചേർന്ന് ജീവിച്ചുവരുന്ന വവ്വാലുകളെ ഭയക്കാതെ ജാഗ്രതയോടെ ജീവിക്കാമെന്നും മൃഗസംരക്ഷണ വകുപ്പ് ഓഫീസർ അറിയിച്ചു.
നിപയിൽ ആശ്വാസം: 42 സാമ്പിളുകൾ കൂടി നെഗറ്റീവ്, ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയെന്നും ആരോഗ്യ മന്ത്രി
കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 42 പേരുടെ പരിശോധനാഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്. 39 പേരുടെ പരിശോധനാഫലം കൂടി ഇനി കിട്ടാനുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ്, ഇതില്‍ ഗുരുതരാവസ്ഥിയിലായിരുന്ന ഒന്‍പത് വയസുകാരന്റെ നില മെച്ചപ്പെടുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. വൈറസ്ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരശേഖരണം തുടരുകയാണ്. ചിലരെ തിരിച്ചറിഞ്ഞെങ്കിലും ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ ആ സമയം ഇവര്‍ അവിടെ ഉണ്ടായിരുന്നില്ല എന്നായിരുന്നു മറുപടി.സമ്പര്‍ക്കപട്ടികയില്‍ ഇനിയും കണ്ടെത്താനുള്ളവരെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി പോലീസിന്റെ സഹായത്തോടെ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.