ഒടുവിൽ തീരുമാനം മാറ്റി എൻഐടി; നിപ ഭീതിക്കിടയിൽ വരും ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി

കോഴിക്കോട്: നിപ നിയന്ത്രണം ലംഘിച്ച് നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ(എന്‍ഐടി) ക്ലാസുകളും പരീക്ഷയും നടത്തുന്നുവെന്ന പരാതി ഉന്നയിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയതിന് പിന്നാലെ നയംമാറ്റവുമായി അധികൃതർ. വരും ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി എൻഐടി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

റെഗുലര്‍ ക്ലാസുകള്‍ ഒഴിവാക്കി സെപ്റ്റംബർ 23 വരെ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തുമെന്നും കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്നുള്ളവർ കാമ്പസിൽ പ്രവേശിക്കരുതെന്നും അധികൃതർ അറിയിച്ചു
നേരത്തെ, നിപ ഭീതിക്കിടയിലും എംടെക്, ബിടെക്, എംബിഎ കോഴ്സുകളുടെ ഇന്റേണല്‍ പരീക്ഷകള്‍ എന്‍ഐടി നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിപ വ്യാപന സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ അങ്കണവാടികളും പ്രഫഷണല്‍ കോളജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം മതിയെന്ന് കളക്ടര്‍ അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എന്‍ഐടിയില്‍ ഈ നിര്‍ദേശം പാലിക്കാതെ ഓഫ്ലൈന് ക്ലാസുകള്‍ നടത്തിയെന്നാണ് പരാതി.