നിപ വൈറസ് ശ്രേണിക്ക് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് കണ്ടെത്തിയ നിപ വൈറസ് ശ്രേണിക്ക് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 2018 മുതൽ മൂന്ന് തവണ സംസ്ഥാനത്ത് കണ്ടെത്തിയ അതേ വൈറസ് ശ്രേണി തന്നെയാണ് ഇത്തവണയും എത്തിയതെന്നും പരിശോധനയ്ക്കായി അയച്ച 36 വവ്വാലുകളുടെ സാമ്പിളുകൾ നെഗറ്റീവ് ആണെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. പുതുതായി 16 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇൻഡക്സ് കേസായി രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന 281 പേരുടെ ഐസലേഷൻ പൂർത്തിയാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു.