നിപ: കണ്ടെയിന്മെന്റ് സോണുകളില്‍ ഇളവ് അനുവദിച്ച് സർക്കാർ
Sep 18, 2023, 21:48 IST

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങളിൽ ഭാഗിക ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് വാർഡുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവ് നൽകിയിരിക്കുന്നത്. ആദ്യം കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ഒമ്പത് പഞ്ചായത്തുകളിലെ 58 വാർഡുകൾക്കാണ് നിലവിൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.. ഈ മേഖലകളിലെ കടകൾ രാത്രി എട്ട് വരെ തുറന്ന് പ്രവർത്തിക്കാമെന്നും ബാങ്കുകൾക്ക് ഉച്ചയ്ക്ക് രണ്ട് വരെ പ്രവർത്തിക്കാമെന്നും ജില്ലാ കളക്ടർ പറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, നിപ ജാഗ്രതയുടെ ഭാഗമായി ഏർപ്പെടുത്തിയ മറ്റ് നിയന്ത്രണങ്ങളിൽ ഇളവില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ ആരാധനാലയങ്ങളിൽ ഉൾപ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകൾക്കും പൊതുപരിപാടികൾക്കും അനുമതിയില്ല. സർക്കാർ ഓഫീസ് ജീവനക്കാർ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ തുടരണം.നിയന്ത്രണമുള്ള മേഖലകളിലെ പാർക്കുകൾ, ബീച്ചുകൾ എന്നിവ അടഞ്ഞുകിടക്കുന്നത് തുടരും. ഈ മേഖലകളിൽ കള്ള് ചെത്തുന്നതിനും വിൽക്കുന്നതിനും അനുമതിയില്ല.