നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോട് എത്തി
Sep 14, 2023, 14:21 IST

കോഴിക്കോട്: സംസ്ഥാനത്തെ നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോടെത്തി. കോഴിക്കോടെത്തിയ ആറംഗ സംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. നിപ ബാധിത പ്രദേശങ്ങളിൽ കേന്ദ്രസംഘം പരിശോധന നടത്തും. സാമ്പിളുകൾ പരിശോധിക്കാനുള്ള ഐസിഎംആർ മൊബൈൽ ലാബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്.

നിലവിൽ മൂന്ന് പേരാണ് കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. വെൻ്റിലേറ്ററിൽ കഴിയുന്ന ഒൻപത് വയസുകാരൻ്റെ ആരോഗ്യനില കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുകയാണ്. ചികിത്സയിലുള്ള മറ്റ് രണ്ടു പേരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ആകെ 20 പേരാണ് നിലവിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളത്. 11 സാമ്പിളുകളുടെ പരിശോധന ഫലം കൂടി വരാനുണ്ട്.