‘കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലും ജാഗ്രതനിർദേശം; ഇതുവരെ ശേഖരിച്ചത് 35 സാംപിളുകൾ’- ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ്പ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിൽ നിപ്പ ബാധയെ സംബന്ധിച്ച് ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി.

ഇതുവരെ രോഗലക്ഷണമുള്ള 35 പേരുടെ സാംപിളുകൾ ശേഖരിച്ചുത്. 22 പേരുടെ പരിശോധനാ ഫലം കിട്ടി. 4 പേരുടെ ഫലം പോസിറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിൽ 14 പേർ ഐസലേഷനിലുണ്ട്.സമ്പർക്ക പട്ടികയിൽ 706 പേരുണ്ട്. ഈ എണ്ണം ഇനിയും വർധിക്കാം. സമ്പർക്കപ്പട്ടികയിലെ 76 പേര്‍ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവരാണ്. സമ്പർക്കപ്പട്ടികയിൽ 157 ആരോഗ്യപ്രവർത്തകരുമുണ്ട്.
നിപ രോഗനിർണയത്തിനായി സംസ്ഥാനത്ത് ലാബുകൾ ഒരുക്കിയിട്ടുണ്ട്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ഇതിന് സംവിധാനം ഏർപ്പെടുത്തി. നിപയെ പ്രതിരോധിക്കാൻ സർക്കാർ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് സ്വീകരിക്കുന്നത്. നിപ പകരുന്നത് ശരീര സ്രവങ്ങളിലൂടെയാണ്. തീവ്ര രോഗമുള്ളവരിൽ നിന്ന് മാത്രമാണ് പകരുന്നത്. രോഗലക്ഷണം ഇല്ലാത്ത ആളിൽ നിന്ന് മറ്റൊരാളിലേക്ക് നിപ പകരില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.