ഡല്‍ഹി : രണ്ട് ഡോക്ടര്‍മാരെ ഭീകരവാദക്കേസില്‍ അറസ്റ്റ്‌ചെയ്തതിന് പിന്നാലെ വിശദീകരണവുമായി ഹരിയാണയിലെ 'അല്‍-ഫലാഹ്' സര്‍വകലാശാല. അറസ്റ്റിലായവർ സർവകലാശാലയിൽ ജോലി ചെയ്യുന്നവർ മാത്രമാണ്. ഇവരുമായി സര്‍വകലാശാലയ്ക്ക് ഒരു ബന്ധവുമില്ലെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഭുപീന്ദര്‍ കൗര്‍ ആനന്ദ് അറിയിച്ചു.
സർവ്വകലാശാലയിൽ ദേശീയ അന്വേഷണ ഏജൻസിയുടെയും ജമ്മുകശ്മീർ പൊലീസിന്റെയും പരിശോധന തുടരുന്നതിനിടെയാണ് ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് ഫലാഹ് സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു. സര്‍വകലാശാലയ്‌ക്കെതിരേ പ്രചരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന കഥകളാണെന്നും ഇത് അപകീര്‍ത്തികരമാണെന്നുമാണ് അല്‍-ഫലാഹ് സര്‍വകലാശാലയുടെ വിശദീകരണം. സര്‍വകലാശാല ക്യാമ്പസിലെ ലാബുകളില്‍ രാസവസ്തുക്കളുടെ നിര്‍മാണമോ സാന്നിധ്യമോ ഇല്ലെന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞദിവസമുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഇതില്‍ സ്ഥാപനത്തിന് അഗാധമായ ദുഃഖവും വേദനയുമുണ്ട്. ഇത്തരം സംഭവങ്ങളെ ശക്തമായി അപലിക്കുന്നതായും ഇതില്‍ ഇരകളായ നിരപരാധികളോടൊപ്പമാണ് സര്‍വകലാശാലയെന്നും വൈസ് ചാന്‍സലര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേ സമയം, സർവകലാശാലയിൽ പൊലീസ് പരിശോധന തുടരുകയാണ്. ഇതുവരെ 70 പേരെയാണ് ചോദ്യം ചെയ്തത്. ആശുപത്രിയിലെ ആർക്കെങ്കിലും ഭീകര പ്രവർത്തനവുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചു എന്ന് പറയുന്ന ഫരീദാബാദിലെ ഫത്തേർപൂർ തഗായിലെ കെട്ടിടത്തിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്.