ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി ആരോപണം
Nov 20, 2023, 17:59 IST

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ 23 കാരൻ ആത്മഹത്യ ചെയ്തതായി ആരോപണം. പശ്ചിമ ബംഗാളിൽ ബങ്കുര ജില്ലയിലെ രാഹുൽ ലോഹർ എന്ന യുവാവിൻ്റെ മരണത്തെ തുടർന്നാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. 23 കാരനായ രാഹുൽ ഒരു തുണിക്കടയിലാണ് ജോലി ചെയ്തിരുന്നത്. ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനൽ മത്സരം കാണാനായി ഞായറാഴ്ച അവധിയെടുത്തിരുന്നു. ഇന്ത്യ തോറ്റതിന് പിന്നാലെ മുറിയിൽ കയറിയ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.

സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാഹുലിന് ആത്മഹത്യ ചെയ്യാനുള്ള ജീവിതപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്തോഷവാനായിരുന്നുവെന്നും കുടുംബം പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.