തമിഴ്നാട്ടിൽ ക്ഷേത്ര പൂജാരിമാരായി സ്ത്രീകൾക്ക് നിയമനം

ചെന്നൈ: ജാതിവ്യത്യാസമില്ലാതെ എല്ലാ വിഭാഗകാര്‍ക്കും ക്ഷേത്ര പൂജാരിമാരാകാന്‍ അവസരമൊരുക്കിയതിന് പിന്നാലെ സ്ത്രീകളെയും പൂജാരിമാരായി നിയമിച്ച് തമിഴ്നാട് സര്‍ക്കാര്‍. ശ്രീരംഗം ശ്രീരംഗനാഥര്‍ ക്ഷേത്രത്തിലെ പുരോഹിത പരിശീലന കേന്ദ്രത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എസ്. കൃഷ്ണവേണി, എസ്. രമ്യ, രഞ്ജിത എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു മൂന്നുപേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. ഇവര്‍ സംസ്ഥാനത്തെ ശ്രീവൈഷ്ണവ ക്ഷേത്രങ്ങളിലും സഹപൂജാരിമാരായി നിയമിതരാകും. തമിഴ്നാട്ടിൽ ക്ഷേത്രപുരോഹിതരാകാനുള്ള പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യവനിതകളാണ് ഇവര്‍.

പരിശീലനകാലത്തും ഇന്റേണ്‍ഷിപ് സമയത്തും തമിഴ്നാട് സര്‍ക്കാര്‍ ഇവര്‍ക്ക് സ്റ്റൈപ്പെന്‍ഡ് നല്‍കിയിരുന്നു.
"പൈലറ്റുമാരായും ബഹിരാകാശ യാത്രികരായും സ്ത്രീകൾ നേട്ടങ്ങൾ കൈവരിച്ചിട്ടും, ക്ഷേത്ര പൂജാരിമാരുടെ പവിത്രമായ റോളിൽ നിന്ന് അവരെ തടഞ്ഞു, സ്ത്രീ ദേവതകൾക്കുള്ള ക്ഷേത്രങ്ങളിൽ പോലും ഇവരെ അശുദ്ധരായി കണക്കാക്കപ്പെടുന്നു. ഒടുവിൽ മാറ്റം വന്നിരിക്കുന്നു"- തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ എക്‌സിൽ കുറിച്ചു.