Times Kerala

 കുളുവിൽ യുവതിയും യുവാവും മരിച്ച നിലയിൽ; റഷ്യൻ ദമ്പതിമാരെന്ന് സംശയം 

 
 കുളുവിൽ യുവതിയും യുവാവും മരിച്ച നിലയിൽ; റഷ്യൻ ദമ്പതിമാരെന്ന് സംശയം 
ഷിംല: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി.  മരിച്ചത് റഷ്യന്‍ ദമ്പതിമാരാണെന്നാണ് പോലീസിന്റെ സംശയം. വ്യാഴാഴ്ച കുളുവിലെ മണികരണിന് സമീപം ഒരു ചെറിയകുളത്തിലാണ് വിദേശികളായ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുപതിനും മുപ്പതിനും ഇടയിലാണ് മരിച്ച രണ്ടുപേരുടെയും ഏകദേശപ്രായം. യുവതിയുടെ മൃതദേഹം നഗ്നമായനിലയില്‍ കുളത്തിലും യുവാവിന്റെ മൃതദേഹം കുളത്തിന് പുറത്തുമാണ് കിടന്നിരുന്നത്. മൃതദേഹം അഴുകിയനിലയിലായതിനാല്‍ മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല.  ഇരുവരുടെയും ശരീരത്തില്‍ ചില മുറിവുകളും ഉണ്ടായിരുന്നു. എന്നാല്‍, ഇത് മാരകമായ പരിക്കുകളല്ലെന്നും അതിനാല്‍ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ലഭിച്ച ചില വസ്തുക്കള്‍ പരിശോധിച്ചതില്‍നിന്നാണ് മരിച്ച രണ്ടുപേരും ദമ്പതിമാരാണെന്നും റഷ്യക്കാരാണെന്നും സംശയമുണ്ടായത്.  ഇതിന് പുറമേ ഒരു ബ്ലേഡും മൊബൈല്‍ ഫോണും മയക്കുമരുന്നായ ചരസ്സും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. കൊലപാതകമാണോ എന്ന സംശയത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. 

Related Topics

Share this story