100 രൂപ തിരികെ കിട്ടാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ നഷ്ടമായത് അഞ്ച് ലക്ഷം രൂപ; പൊലീസില്‍ പരാതി നല്‍കി
Nov 21, 2023, 18:34 IST

യൂബര്‍ ടാക്സി യാത്രയില്‍ അധികമായി ഈടാക്കിയ 100 രൂപ തിരികെ ലഭിക്കാനായി കസ്റ്റമര്‍ കെയറില്‍ വിളിച്ചയാളിന് അഞ്ച് ലക്ഷം രൂപയോളം നഷ്ടമായതായി പരാതി. എസ്.ജെ എന്‍ക്ലേവില്‍ താമസിക്കുന്ന പ്രദീപ് ചൗധരി എന്നയാളാണ് പരാതി നല്‍കിയത്. ഗുരുഗ്രാമിലേക്ക് യൂബര്‍ ടാക്സി വിളിച്ച് യാത്ര ചെയ്ത ഇയാളില്‍ നിന്ന് 205 രൂപയ്ക്ക് പകരം 318 രൂപ യൂബര്‍ ഈടാക്കി. പിശക് ചൂണ്ടിക്കാണിച്ചപ്പോള്‍ ഡ്രൈവറാണ് യൂബറിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞാല്‍ റീഫണ്ട് ലഭിക്കുമെന്ന് അറിയിച്ചത്. കസ്റ്റമര്‍ കെയര്‍ നമ്പര്‍ കിട്ടാന്‍ പരാതിക്കാരന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോൾ 6289339056 എന്ന നമ്പറാണത്രെ ആദ്യം ലഭിച്ചത്. ഇതിലേക്ക് വിളിച്ചപ്പോള്‍ 6294613240 എന്ന നമ്പറും പിന്നീട് 9832459993 എന്ന മറ്റൊരു നമ്പറും ലഭിച്ചു. രാകേഷ് മിശ്ര എന്ന് പരിചയപ്പെടുത്തിയ ആളാണ് സംസാരിച്ചതെന്നും പരാതി അറിയിച്ചപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'Rust Desk app' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. പിന്നീട് പേടിഎം ഓപ്പണ്‍ ചെയ്യാനും ശേഷം റീഫണ്ട് കിട്ടാന്‍ rfnd 112 എന്ന് മെസേജ് അയക്കാനും ഇയാള്‍ പറഞ്ഞു. വിവരങ്ങളെല്ലാം കൊടുത്ത് കഴിഞ്ഞപ്പോള്‍ ആദ്യം 83,760 രൂപ തന്റെ അക്കൗണ്ടില്‍ നിന്ന് പോയതായി അറിയിച്ചുകൊണ്ട് സന്ദേശം ലഭിച്ചു. പിന്നാലെ നാല് ഇടപാടുകള്‍ കൂടി നടത്തി നാല് ലക്ഷത്തിലധികം രൂപ ബാങ്ക് അക്കൗണ്ടില്‍ പിന്ന് പല അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു. പരാതി സ്വീകരിച്ച പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.