ന്യൂഡൽഹി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ഇന്ത്യൻ വ്യോമമേഖലയിൽ വ്യാപിച്ച ചാരവും പുകയും പൂർണ്ണമായി നീങ്ങിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചു. ഇതോടെ രാജ്യത്തെ വിമാന സർവീസുകൾക്ക് വലിയ ആശ്വാസമായി.( Volcanic ash completely cleared from Indian skies, flight services back to normal)
അഗ്നിപർവത ചാരവും കരിമേഘപടലവും ഇപ്പോൾ ചൈനീസ് ഭാഗത്തേക്ക് നീങ്ങിയതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി 10:30 ഓടെ ഇന്ത്യൻ ആകാശത്തുനിന്നും ചാരം പൂർണ്ണമായും നീങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് കരിമേഘപടലം ഇന്ത്യയിലെത്തിയത്. ഇത് രാജ്യത്തെ വിമാന സർവീസുകളെ സാരമായി ബാധിക്കുകയും ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കാനും വൈകാനും കാരണമാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് ആംസ്റ്റർഡാമിലേക്കും തിരിച്ചുമുള്ള രണ്ട് അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.
കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള ഇൻഡിഗോ വിമാനവും ജിദ്ദയിലേക്കുള്ള ആകാശ് എയർ വിമാനവും റദ്ദാക്കിയവയിൽപ്പെടുന്നു. ചാരവും പുകയും നീങ്ങിയതോടെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തും. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
വിമാനത്തിന്റെ എഞ്ചിനുകൾക്ക് തകരാറുണ്ടാക്കാൻ അഗ്നിപർവത ചാരത്തിന് സാധ്യതയുള്ളതിനാൽ, വിമാനക്കമ്പനികൾക്ക് നൽകിയ ജാഗ്രതാ നിർദ്ദേശം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) തുടരും. പ്രശ്നങ്ങളുള്ള വ്യോമമേഖലകൾ ഒഴിവാക്കി യാത്ര തുടരണമെന്ന നിർദ്ദേശമാണ് നേരത്തെ DGCA നൽകിയിരുന്നത്.
ഏകദേശം 12,000 വർഷമായി നിർജ്ജീവമായി കിടന്നിരുന്ന 'ഹെയ്‌ലി ഗുബ്ബി' അഗ്നിപർവതമാണ് ഞായറാഴ്ച എത്യോപ്യയുടെ വടക്കൻ മേഖലയിൽ പൊട്ടിത്തെറിച്ചത്. ജനവാസമില്ലാത്ത മേഖലയായതിനാൽ ആളപായമുണ്ടായിട്ടില്ല. എന്നാൽ, അഗ്നിപർവതത്തിൽ നിന്നുള്ള ചാരവും പുകയും കിലോമീറ്ററുകളോളം ഉയരത്തിലും ദൂരത്തിലും വ്യാപിച്ചത് ആശങ്ക സൃഷ്ടിച്ചു. എത്യോപ്യൻ വ്യോമമേഖലയിലൂടെ പോകുന്ന വിമാന സർവീസുകളെ ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തെ അഗ്നിപർവത ചാരം ബാധിച്ചില്ലെന്നും മലിനീകരണം കഴിഞ്ഞ ദിവസത്തേക്കാൾ വർദ്ധിച്ചിട്ടില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.