അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്നത് തടഞ്ഞു: ചരക്ക് വിമാനത്തിന് തുർക്കി വ്യോമപാത നിഷേധിച്ചു | India

ഇതോടെ കൈമാറ്റം വൈകാൻ സാധ്യതയുണ്ട്
അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്നത് തടഞ്ഞു: ചരക്ക് വിമാനത്തിന് തുർക്കി വ്യോമപാത നിഷേധിച്ചു | India
Published on

ന്യൂഡൽഹി: ഇന്ത്യൻ കരസേനയ്ക്ക് കൈമാറാനുള്ള പുതിയ അപ്പാച്ചെ AH-64E ആക്രമണ ഹെലികോപ്റ്ററുകൾ കൊണ്ടുവന്ന ചരക്കു വിമാനത്തിന് തുർക്കി വ്യോമപാത നിഷേധിച്ചതായി റിപ്പോർട്ട്. ഇതോടെ ഹെലികോപ്റ്ററുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്നത് വൈകുമെന്ന സൂചനകളുണ്ട്.(Turkey denies airspace to cargo plane carrying helicopters to India)

അന്റോനോവ് An-124 UR-82008 എന്ന, ജർമ്മനിയിലെ ലൈപ്സിഗിൽ നിന്ന് യു.എസിലെ മെസാ ഗേറ്റ്‌വേ (അരിസോണ) വിമാനത്താവളത്തിലെത്തിയ വിമാനം, അവിടെ നിന്ന് മൂന്ന് AH-64E അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി ഈ മാസം ഒന്നിനാണ് ഇന്ത്യയിലേക്ക് പറന്നുയർന്നത്. ഇന്ധനം നിറയ്ക്കുന്നതിനായി ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിന്, തുടർന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി തുർക്കി വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ചു.

തുർക്കിയുടെ അനുമതിക്കായി വിമാനം എട്ട് ദിവസം ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് വിമാനത്താവളത്തിൽ കാത്തുകിടന്നു. എന്നാൽ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഈ മാസം എട്ടാം തീയതി വിമാനം യു.എസിലേക്ക് തന്നെ മടങ്ങിപ്പോകുകയായിരുന്നു. സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ആറ് AH-64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ ഇന്ത്യൻ കരസേനയ്ക്ക് നൽകാനാണ് ബോയിങ് കമ്പനിയുമായി കരാറുള്ളത്. കരാറിന്റെ അടിസ്ഥാനത്തിൽ, ജൂലൈയിൽ ബോയിങ് ആദ്യ മൂന്ന് ഹെലികോപ്റ്ററുകൾ കരസേനയ്ക്ക് കൈമാറിയിരുന്നു. അന്ന് തുർക്കി വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.

മുൻ നിശ്ചയ പ്രകാരം ഈ മാസം ബാക്കിയുള്ള മൂന്ന് ഹെലികോപ്റ്ററുകൾ കൈമാറേണ്ടതാണ്. പുതിയ സംഭവത്തോടെ കൈമാറ്റം വൈകാൻ സാധ്യതയുണ്ട്. അപ്പാച്ചെ ഹെലികോപ്റ്ററുകൾ മറ്റൊരു വ്യോമപാതയിലൂടെ ഇന്ത്യയിലെത്തിക്കാൻ നിലവിൽ ശ്രമങ്ങൾ തുടരുകയാണ്. ബോയിങ്ങിന്റെ ഈ ഹെലികോപ്റ്ററുകൾ വ്യോമസേന 22 എണ്ണവും കരസേന 3 എണ്ണവും നിലവിൽ ഉപയോഗിക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com