ന്യൂഡൽഹി: ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് യുവതിയെ കൊലപ്പെടുത്തിയ കേസിൽ ടിടിഇ അറസ്റ്റിൽ. ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവതിയെ പുറത്തേക്ക് തള്ളിയിട്ടെന്ന കേസിലാണ് റെയിൽവേ പോലീസ് (ജിആർപി) നടപടി സ്വീകരിച്ചത്. നവംബർ 25-ന് രാത്രി ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യയായ 32-കാരി ആരതി യാദവാണ് മരിച്ചത്. സന്തോഷ് കുമാറാണ് അറസ്റ്റിലായ ടിടിഇ.(Ticket dispute, Woman pushed to death from moving train; TTE arrested)
ആദ്യം അപകടമരണമെന്ന് കരുതിയ സംഭവമാണ് പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് വഴിത്തിരിവായത്. ചികിത്സയ്ക്കായി ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി കാൻപുരിൽ നിന്ന് ബരൗണി-ന്യൂഡൽഹി ഹംസഫർ സ്പെഷൽ ട്രെയിനിൽ ആരതി ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. എന്നാൽ ഈ ട്രെയിൻ വൈകിയതിനെ തുടർന്ന് ഇവർ പട്‌ന-ആനന്ദ് വിഹാർ സ്പെഷൽ ട്രെയിനിൽ കയറുകയായിരുന്നു. ഇത് ടിടിഇയുമായുള്ള ടിക്കറ്റ് തർക്കത്തിലേക്ക് നയിച്ചു.
തർക്കത്തിനിടെ ടിടിഇ ആരതിയുടെ ബാഗ് ട്രെയിനിന് പുറത്തേക്ക് എറിയുകയും തുടർന്ന് യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. ട്രെയിനിൽ നിന്ന് തെറിച്ചു വീണ യുവതി തൽക്ഷണം മരിച്ചു. സംഭവത്തിൽ ടിടിഇ സന്തോഷ് കുമാറിനെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.