ഫിനോയിൽ പ്രയോഗത്തിൽ മൂർഖൻ പാമ്പിന്റെ ബോധം പോയി; കൃത്രിമശ്വാസം നൽകി ഡോക്ടർ

കർണാടകയിൽ നാട്ടുകാരുടെ ഫിനോയിൽ പ്രയോഗത്തിൽ ബോധം പോയ മൂർഖൻ പാമ്പിന്റെ ജീവൻ രക്ഷിച്ച് ഡോക്ടർ. കര്‍ണാടകയിലെ റായ്‌ചൂര്‍ ജില്ലയിലാണ് പാമ്പിന് കൃത്രിമശ്വാസം നൽകി ഡോക്ടർ ജീവൻ രക്ഷിച്ചത്.
ലിംഗസുഗൂർ താലൂക്കിലെ ഹട്ടി ചിന്നഗനിയുടെ പ്രാന്തപ്രദേശത്തായുള്ള പമനകല്ലൂരിന് സമീപമാണ് സംഭവം. പമനകല്ലൂരിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിലാണ് മൂർഖനെ കണ്ടെത്തിയത്. പാമ്പിനെ കണ്ട് ഭയന്ന വാഹനമുടമ നാട്ടുകാരെ വിളിച്ചുകൂട്ടി. പാമ്പിനെ കാറിനുള്ളിൽ നിന്ന് പുറത്തിറക്കാൻ നാട്ടുകാരിലൊരാൾ കാറിനുള്ളിൽ ഫിനോയിൽ തളിച്ചു.

ഫിനോയിൽ തളിച്ചതോടെ അബോധാവസ്ഥയിലായ പാമ്പ് മരിച്ചെന്ന ധാരണയിലായിരുന്നു നാട്ടുകാർ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹാട്ടി ഗോൾഡ് മൈനിങ് കമ്പനി ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. രബീന്ദ്രനാഥ് പാമ്പിനെ കാറിന് പുറത്തേക്കെടുത്തു. പാമ്പിന് ചെറിയ അനക്കമുണ്ടെന്ന് മനസിലാക്കിയ ഡോക്ടർ ഒരു പൈപ് സംഘടിപ്പിച്ചു പാമ്പിന്റെ വായിൽ തിരുകി ശ്വാസം നല്കാൻ ശ്രമിച്ചു. എന്നാൽ ഇതിൽ ഫലമുണ്ടായില്ല.
ഉടനെത്തന്നെ പാമ്പിനെ ആശുപത്രിയിലെത്തിച്ചു കൃത്രിമശ്വാസം നൽകുകയായിരുന്നു. ചലനശേഷി തിരിച്ചുകിട്ടിയ പാമ്പിനെ പിന്നീട് ജലദുർഗ വനത്തിലേക്ക് തുറന്നുവിട്ടു.